ഇന്ത്യയിൽ റെക്കോർഡ് വരുമാനവുമായി ആപ്പിൾ; വിൽപ്പനയിൽ മുന്നിൽ ഐഫോൺ 17

ഇന്ത്യൻ വിപണിയിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി ആഗോള ടെക്നോളജി കമ്പനിയായ ആപ്പിൾ. 2026 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഐഫോൺ, മാക്, സർവീസസ് വിഭാഗങ്ങളിലെല്ലാം മികച്ച വളർച്ചയാണ് കമ്പനി കൈവരിച്ചത്. ആപ്പിളിന്റെ ആഗോള ബിസിനസിൽ ഇന്ത്യൻ വിപണിയുടെ പ്രാധാന്യം വർധിച്ചുവരുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നവരിൽനിന്ന് പുതിയ മോഡലുകളിലേക്ക് മാറിയ ഉപഭോക്താക്കളുടെ എണ്ണത്തിലും ആഗോളതലത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചു. ഈ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വിപണികളിലൊന്നാണ് ഇന്ത്യ. ഒരു സാമ്പത്തിക വർഷത്തിനിടെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ പുതിയ ഐഫോണുകളിലേക്ക് മാറിയ നേട്ടവും കമ്പനി സ്വന്തമാക്കി. ആപ്പിൾ സിഇഒ ജോൺ ടെർനസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബർ പാദത്തിൽ ആഗോളതലത്തിൽ ഐഫോൺ വിൽപ്പനയിലൂടെ 57.6 ബില്യൺ ഡോളറിന്റെ വരുമാനമാണ് ആപ്പിൾ നേടിയത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വർധനയാണിത്. ഉൽപ്പന്നങ്ങളുടെ ലഭ്യതയിലുണ്ടായ പരിമിതികളും വിദേശനാണ്യ വിനിമയ നിരക്കിലെ പ്രതികൂല മാറ്റങ്ങളും മറികടന്നാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.ഇന്ത്യയിൽ പ്രീമിയം സ്മാർട്ട്ഫോണുകളോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിക്കുന്നതാണ് ആപ്പിളിന്റെ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. തവണ വ്യവസ്ഥയിൽ പണമടയ്ക്കാനുള്ള സൗകര്യം, പഴയ ഫോണുകൾ കൈമാറി പുതിയവ വാങ്ങുന്ന ട്രേഡ്-ഇൻ പദ്ധതികൾ, വിതരണ ശൃംഖലയുടെ വിപുലീകരണം, രാജ്യത്തെ പ്രാദേശിക ഉൽപ്പാദനം എന്നിവയും വിൽപ്പന വർധിപ്പിക്കാൻ സഹായിച്ചു.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം 2026 സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോൺ മോഡലായി ഐഫോൺ 17 മാറി. മാക്ബുക്ക് നിയോയും ഈ കാലയളവിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി.

ഇതിനിടെ, ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ ശരാശരി വിൽപ്പന വില 1,000 ഡോളർ പിന്നിട്ടു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ശരാശരി വിൽപ്പന വിലയാണിത്. പ്രീമിയം വിഭാഗത്തിലെ ഉൽപ്പന്നങ്ങളോടുള്ള വർധിച്ചുവരുന്ന താൽപര്യവും ആപ്പിളിന്റെ വിപണിയിലെ ശക്തമായ സാന്നിധ്യവുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *