കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സർക്കാർ

കേരള ബാങ്കിന്റെ രൂപീകരണം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഭരണമാറ്റത്തിന് പിന്നാലെ മുൻ സർക്കാരിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനമാണ് പുതിയ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേരള സഹകരണ സംഘം നിയമത്തിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കാനോ റദ്ദാക്കാനോ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സർക്കാർ അധിക സത്യവാങ്മൂലവും സമർപ്പിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. എന്നാൽ, അന്ന് യുഡിഎഫ് ഭരണസമിതി നിയന്ത്രിച്ചിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് തയ്യാറായിരുന്നില്ല. ലയനത്തിനെതിരായ കേസ് സുപ്രീംകോടതിയിൽ നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ പുതിയ നിലപാട് അറിയിച്ചത്.സഹകരണ ബാങ്കിങ് മേഖലയിൽ ദേശീയതലത്തിലുള്ള ത്രിതല സംവിധാനം നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *