സ്വർണ ഇറക്കുമതിക്ക് നികുതി ഇളവ് ഒഴിവാക്കുമോ? ജിഎസ്ടി കൗൺസിൽ നിർണായക തീരുമാനത്തിലേക്ക്

ബാങ്കുകൾക്കും സർക്കാർ ഏജൻസികൾക്കും സ്വർണ ഇറക്കുമതിയിൽ ലഭിക്കുന്ന നികുതി ഇളവ് പിൻവലിച്ചേക്കും. ഒക്ടോബർ 7ന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.നിലവിൽ വിദേശത്തുനിന്ന് സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇറക്കുമതി ചെയ്യുമ്പോൾ 3 ശതമാനം ഐജിഎസ്ടി ബാധകമാണ്. എന്നാൽ ബാങ്കുകൾക്കും സർക്കാർ അംഗീകൃത ഏജൻസികൾക്കും ഈ നികുതിയിൽ ഇളവ് അനുവദിച്ചിരുന്നു. 2017ൽ വ്യാപാരം സുഗമമാക്കുന്നതിനാണ് ഈ ആനുകൂല്യം നൽകിയത്.ഇളവ് പിൻവലിച്ചാൽ ബാങ്കുകൾ, സർക്കാർ ഏജൻസികൾ, ബുള്ളിയൻ എക്സ്ചേഞ്ചുകൾ തുടങ്ങിയവയ്ക്ക് ഏകീകൃത നികുതി വ്യവസ്ഥ ബാധകമാകും.

സ്വർണ ഇറക്കുമതിയിൽ നിയന്ത്രണം ശക്തമാകുമോ?

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആഭരണ മേഖലയിലെ ഉയർന്ന ആവശ്യകതയാണ് സ്വർണ ഇറക്കുമതി വർധിക്കാൻ പ്രധാന കാരണം.വിദേശനാണ്യ ശേഖരത്തിലെ സമ്മർദം കുറയ്ക്കുന്നതിനായി സ്വർണ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ നേരത്തെ സ്വീകരിച്ചിരുന്നു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായും, പ്ലാറ്റിനത്തിന്റേത് 6.4 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായും ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെ ബാങ്കുകൾക്കും സർക്കാർ ഏജൻസികൾക്കും ലഭിക്കുന്ന ജിഎസ്ടി ഇളവും പിൻവലിക്കാനുള്ള നീക്കം സ്വർണ ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കാൻ സാധ്യതയുണ്ട്.രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി ചെലവിലെ വർധനയും കണക്കിലെടുത്ത് സ്വർണത്തിന്റെ അനാവശ്യ ഉപയോഗവും ഇറക്കുമതിയും കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്രസർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ജിഎസ്ടി കൗൺസിലിന്റെ തീരുമാനം സ്വർണ വിപണിയിലും ആഭരണ വിലയിലും എത്രത്തോളം പ്രതിഫലിക്കുമെന്നതാണ് ഇനി ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *