ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനച്ചെലവുകൾക്കും വിതരണ കമ്മിഷനും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഒരുങ്ങുന്നു. ഇൻഷുറൻസ് പോളിസികളുടെ വിൽപനച്ചെലവ് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രീമിയം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുന്ന കൺസൽട്ടേഷൻ പേപ്പർ ഐആർഡിഎഐ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മേഖലകളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഇതിൽ ക്ഷണിച്ചിട്ടുണ്ട്.
മാനേജ്മെന്റ് ചെലവിന് പരിധി
ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ മാനേജ്മെന്റ് ചെലവ് അഞ്ച് വർഷത്തിനുള്ളിൽ പ്രീമിയത്തിന്റെ 12.5 ശതമാനമായും ജനറൽ ഇൻഷുറൻസ് കമ്പനികളുടേത് പ്രീമിയം വരുമാനത്തിന്റെ 20 ശതമാനമായും പരിമിതപ്പെടുത്താനാണ് നിർദേശം.പ്രവർത്തനച്ചെലവുകൾ, ഏജന്റ് കമ്മിഷൻ, ബ്രോക്കറേജ് തുടങ്ങിയവ മാനേജ്മെന്റ് ചെലവിന്റെ പരിധിയിൽ വരും.2023ൽ ഇൻഷുറൻസ് കമ്മിഷനുമായി ബന്ധപ്പെട്ട നിലവിലെ പരിധികൾ നീക്കിയതിന് പിന്നാലെ കമ്മിഷൻ ചെലവിൽ ഗണ്യമായ വർധനയുണ്ടായതായി ഐആർഡിഎഐ വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കമ്മിഷന് വീണ്ടും പരിധി കൊണ്ടുവരാനാണ് നീക്കം. പുതിയ നിർദേശം ഏജന്റുമാരെയും ഇൻഷുറൻസ് ഇടനിലക്കാരെയും ബാധിച്ചേക്കാം.
പോളിസി അനുസരിച്ച് കമ്മിഷൻ
ഇൻഷുറൻസ് ഉൽപന്നത്തിന്റെ സങ്കീർണത, വിൽപനയ്ക്ക് ആവശ്യമായ പരിശ്രമം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും കമ്മിഷൻ നിശ്ചയിക്കുക.തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പോലുള്ള നിർബന്ധിത ഇൻഷുറൻസ് ഉൽപന്നങ്ങൾക്ക് താരതമ്യേന കുറഞ്ഞ കമ്മിഷനായിരിക്കും നൽകുക. അതേസമയം, ഗ്രാമീണമേഖലകളിലും ഇൻഷുറൻസ് പരിരക്ഷ കുറവുള്ള പ്രദേശങ്ങളിലും വിൽപന പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ കമ്മിഷൻ അനുവദിക്കാനും നിർദേശമുണ്ട്.ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾക്ക് കുറഞ്ഞ കമ്മിഷൻ നിരക്കായിരിക്കും പരിഗണിക്കുക.
വായ്പയ്ക്കൊപ്പം നിർബന്ധിത ഇൻഷുറൻസ് വിൽപനയ്ക്ക് നിയന്ത്രണം
വായ്പ അനുവദിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് നിർബന്ധമായി ഇൻഷുറൻസ് പോളിസി വിൽക്കുന്ന രീതിക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഐആർഡിഎഐ നിർദേശിച്ചു.അതേസമയം, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കുന്ന മിസ്-സെല്ലിങ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് നൽകിയ കമ്മിഷൻ തിരിച്ചുപിടിക്കുന്നതിനുള്ള വ്യവസ്ഥയും നിർദേശത്തിലുണ്ട്.പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ ഇൻഷുറൻസ് വിതരണച്ചെലവിലും കമ്മിഷൻ ഘടനയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാം.

