ബാങ്ക് സമരം പിൻവലിച്ചു; ഇന്ന് ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും

രാജ്യവ്യാപകമായി ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചതായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിനായി ശനിയാഴ്ചകൾ അവധിയാക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുടെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാനും ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കും.ബാങ്ക് ജീവനക്കാരുടെ മറ്റ് ആവശ്യങ്ങളിലും വേഗത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം മാറ്റിവയ്ക്കാൻ യൂണിയനുകൾ തീരുമാനിച്ചത്. ഇതോടെ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.
മൂന്ന് ദിവസത്തെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുക എന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻപിഎസ് പരിധിയിൽ വരുന്ന ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവച്ചിരുന്നു.

ഈ ആവശ്യങ്ങളിൽ ചിലത് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ചർച്ചകളിലൂടെ ശേഷിക്കുന്ന വിഷയങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് യൂണിയനുകൾ.

Leave a Reply

Your email address will not be published. Required fields are marked *