പണിമുടക്കിലൂടെ ഗുണകരമായ നേട്ടങ്ങൾ കൈവരിക്കാനാകില്ലെന്ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരോട് കേന്ദ്ര ധനമന്ത്രാലയം. സെപ്റ്റംബർ 28 മുതൽ ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് മുന്നോടിയായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കേന്ദ്രം ജീവനക്കാരോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്.
പണിമുടക്കിൽ ജീവനക്കാർ പങ്കെടുക്കാതിരിക്കാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബാങ്കുകൾക്ക് കേന്ദ്രം നിർദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗവും ധനമന്ത്രാലയം വിളിച്ചിരുന്നു. ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകിയതായി ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ആരോപിച്ചു.ഈ മാസം 30ന് ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ പണിമുടക്ക് ബാങ്കിങ് ഇടപാടുകളെ കാര്യമായി ബാധിച്ചേക്കാമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
പ്രധാന ആവശ്യങ്ങൾ
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, വിവേചനപരമായ ഇൻസെന്റീവ് സ്കീം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് ജീവനക്കാർ സെപ്റ്റംബർ 28, 29, 30 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സെപ്റ്റംബർ 28 തിങ്കളാഴ്ചയും 29 ചൊവ്വാഴ്ചയും 30 ബുധനാഴ്ചയുമാണ് പണിമുടക്ക്. ഇതിന് തൊട്ടുമുമ്പുള്ള ശനിയും ഞായറും കൂടി കണക്കിലെടുക്കുമ്പോൾ അഞ്ച് ദിവസം തുടർച്ചയായി ബാങ്കുകളുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്.സമരത്തിന് മുന്നോടിയായി വിവാദമായ ഇൻസെന്റീവ് സ്കീം താൽക്കാലികമായി മരവിപ്പിച്ചിരുന്നെങ്കിലും ബാങ്കുകളുടെ പ്രവൃത്തിദിനം സംബന്ധിച്ച് ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.
പണിമുടക്ക് ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെയും വിവിധ ബാങ്കിങ് സേവനങ്ങളെയും ബാധിച്ചേക്കാമെന്നതിനാൽ ഉപഭോക്താക്കൾ പ്രധാന ഇടപാടുകൾ മുൻകൂട്ടി ക്രമീകരിക്കുന്നത് പരിഗണിക്കേണ്ടിവരും.
