രാജ്യത്തെ സാധാരണക്കാർക്കും ബിസിനസ് മേഖലയ്ക്കും കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും ഒരുപോലെ ആശങ്കയുയർത്തി പണപ്പെരുപ്പം വീണ്ടും ഉയരുന്നു. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈയിൽ റീട്ടെയ്ൽ പണപ്പെരുപ്പം 4.45 ശതമാനമായിരുന്നു. മേയിൽ 3.93 ശതമാനവും ജൂണിൽ 4.38 ശതമാനവുമായിരുന്നു.
പണപ്പെരുപ്പം 4 ശതമാനത്തിൽ നിയന്ത്രിക്കുകയെന്നതാണ് റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (MPC) ലക്ഷ്യം. അതിനാൽ പണപ്പെരുപ്പം വീണ്ടും ഉയർന്ന സാഹചര്യത്തിൽ ഒക്ടോബറിലെ പണനയ യോഗത്തിൽ പലിശനിരക്കിൽ മാറ്റം വരുത്താനുള്ള സാധ്യതയും ചർച്ചയാകുകയാണ്.റീപ്പോ നിരക്ക് ഉയർത്തിയാൽ ബാങ്കുകളുടെ വായ്പാ പലിശയും വർധിക്കാൻ സാധ്യതയുണ്ട്. ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തിട്ടുള്ളവർക്കും പുതിയ വായ്പകൾ തേടുന്നവർക്കും ഇത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.
വലിയ തലവേദന ഭക്ഷ്യവിലക്കയറ്റം
റിസർവ് ബാങ്കിന് ഏറ്റവും വലിയ ആശങ്ക ഭക്ഷ്യവിലപ്പെരുപ്പം ഉയരുന്നതാണ്. ജൂലൈയിലെ 5.52 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ ഭക്ഷ്യവിലപ്പെരുപ്പം 5.95 ശതമാനമായി ഉയർന്നു.ഗ്രാമീണ മേഖലയിൽ ഭക്ഷ്യവിലപ്പെരുപ്പം 5.79 ശതമാനത്തിൽ നിന്ന് 6.13 ശതമാനമായും നഗരങ്ങളിൽ 5.05 ശതമാനത്തിൽ നിന്ന് 5.64 ശതമാനമായും ഉയർന്നു.
മൊത്തം റീട്ടെയ്ൽ പണപ്പെരുപ്പത്തിലും ഗ്രാമ-നഗര മേഖലകളിൽ വർധനയുണ്ടായി. ഗ്രാമീണ പണപ്പെരുപ്പം ജൂലൈയിലെ 4.84 ശതമാനത്തിൽ നിന്ന് 5.23 ശതമാനമായും നഗരങ്ങളിലെ നിരക്ക് 3.96 ശതമാനത്തിൽ നിന്ന് 4.31 ശതമാനമായും ഉയർന്നു.
വെള്ളിക്കും ഇഞ്ചിക്കും സ്വർണത്തിനും കുതിപ്പ്
ഓഗസ്റ്റിലും ചില ഉൽപ്പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തെ കാര്യമായി സ്വാധീനിച്ചത്. വെള്ളി ആഭരണങ്ങൾ, ഇഞ്ചി, സവാള, വെളുത്തുള്ളി, സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, പ്ലാറ്റിനം ആഭരണങ്ങൾ തുടങ്ങിയവയിൽ വിലവർധന ശക്തമായിരുന്നു.
പ്രധാന ഉൽപ്പന്നങ്ങളിലെ പണപ്പെരുപ്പ നിരക്ക്:
• വെള്ളി: 107.11%
• ഇഞ്ചി: 73.82%
• സവാള: 48.27%
• വെളുത്തുള്ളി: 43.60%
• സ്വർണം: 35.53%
വെള്ളി, ഇഞ്ചി തുടങ്ങിയവയിലെ വൻ വിലവർധനയാണ് ഉപഭോക്തൃ വിലക്കയറ്റത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയത്.
തക്കാളിയും ഉരുളക്കിഴങ്ങും ആശ്വാസം നൽകി
അതേസമയം, എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചിട്ടില്ലെന്നത് ഉപഭോക്താക്കൾക്ക് ചെറിയ ആശ്വാസമാണ്.
തക്കാളിയുടെ വിലക്കയറ്റം നെഗറ്റീവ് 4.60 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 31.09 ശതമാനമായി താഴ്ന്നു. ഉരുളക്കിഴങ്ങിന്റെ നിരക്ക് നെഗറ്റീവ് 13.14 ശതമാനമാണ്.കാറുകൾ, ജീപ്പുകൾ, വെണ്ടയ്ക്ക, കോവയ്ക്ക തുടങ്ങിയവയിലും വിലക്കുറവ് രേഖപ്പെടുത്തി. അതിനാൽ രാജ്യത്ത് താരതമ്യേന കുറഞ്ഞ പണപ്പെരുപ്പമുള്ള പ്രധാന ഉൽപ്പന്നങ്ങളുടെ പട്ടികയിൽ തക്കാളി, ഉരുളക്കിഴങ്ങ്, കാർ, ജീപ്പ്, വെണ്ടയ്ക്ക, കോവയ്ക്ക എന്നിവ ഉൾപ്പെടുന്നു.
കേരളം ടോപ് 5ൽ ഇല്ല
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുമുമ്പ് രാജ്യത്ത് ഏറ്റവും ഉയർന്ന റീട്ടെയ്ൽ പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളിൽ കേരളവും മുൻനിരയിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തുടർച്ചയായി പല മാസങ്ങളായി കേരളം ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇല്ല.ഓഗസ്റ്റിൽ കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം 4.67 ശതമാനമാണ്. ദേശീയ ശരാശരിയായ 4.82 ശതമാനത്തേക്കാൾ താഴെയാണിത്.ന്നാൽ ജൂലൈയിലെ ഏകദേശം 4.01 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ കേരളത്തിലെ പണപ്പെരുപ്പം 4.67 ശതമാനത്തിലേക്ക് ഉയർന്നത് സംസ്ഥാനത്തിന് ചെറിയ ആശങ്കയുമാണ്.
തെലങ്കാനയ്ക്ക് ഇപ്പോഴും രക്ഷയില്ല
കേരളത്തിനൊപ്പം നേരത്തെ ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്ന തെലങ്കാനയ്ക്ക് ഇപ്പോഴും ആശ്വാസമില്ല.6.27 ശതമാനം റീട്ടെയ്ൽ പണപ്പെരുപ്പവുമായി രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം തെലങ്കാനയാണ്.
5.92 ശതമാനവുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്.
തുടർന്നുള്ള സംസ്ഥാനങ്ങൾ:
• മധ്യപ്രദേശ്: 5.55%
• ആന്ധ്രപ്രദേശ്: 5.53%
• ഒഡീഷ: 5.52%
അതേസമയം ഡൽഹിയിലും വടക്കുകിഴക്കൻ മേഖലയിലെ ചില സംസ്ഥാനങ്ങളിലും റീട്ടെയ്ൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിൽ താഴെയാണ്.
ഭക്ഷ്യവിലക്കയറ്റത്തിൽ മഹാരാഷ്ട്ര മുന്നിൽ
സംസ്ഥാനാടിസ്ഥാനത്തിലുള്ള ഭക്ഷ്യവിലപ്പെരുപ്പം പരിശോധിച്ചാൽ 8.10 ശതമാനവുമായി മഹാരാഷ്ട്രയാണ് മുന്നിൽ.
തൊട്ടുപിന്നിൽ:
• ആന്ധ്രപ്രദേശ്: 8.07%
• തമിഴ്നാട്: 7.96%
• കർണാടക: 7.58%
• തെലങ്കാന: 7.33%
അതിനാൽ മൊത്തം പണപ്പെരുപ്പത്തിൽ കേരളം ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഇല്ലെങ്കിലും ഭക്ഷ്യവിലക്കയറ്റം ഇപ്പോഴും സംസ്ഥാനത്തിന് പ്രധാന വെല്ലുവിളിയാണ്.
കേരള സർക്കാരിനും ആശ്വാസം
2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമെന്ന തിരിച്ചറിവാണ് കേരളത്തിനുണ്ടായിരുന്നത്.എന്നാൽ 2026ൽ സ്ഥിതിയിൽ മാറ്റമുണ്ടായി. ജനുവരിയിൽ കേരളം രണ്ടാം സ്ഥാനത്തേക്കും ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തേക്കും മാറി. മാർച്ചോടെ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളം പുറത്തായി.തുടർന്നുള്ള മാസങ്ങളിലും കേരളം ടോപ് 5ൽ തിരിച്ചെത്തിയിട്ടില്ല. സംസ്ഥാന സർക്കാരിനും ഇത് ആശ്വാസകരമായ കണക്കാണ്.എങ്കിലും ജൂലൈയിലെ 4.01 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 4.67 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയർന്നത് വരും മാസങ്ങളിൽ ശ്രദ്ധിക്കേണ്ട വിഷയമാണ്.രാജ്യത്തെ റീട്ടെയ്ൽ പണപ്പെരുപ്പം എട്ട് മാസത്തെ ഉയരത്തിലെത്തിയ സാഹചര്യത്തിൽ, വിലക്കയറ്റം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് സ്വീകരിക്കുന്ന അടുത്ത നടപടികളിലേക്കാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
