ഇന്ത്യയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറ്റവും ഉയർന്ന ശരാശരി വാർഷിക വേതനം ലഭിക്കുന്ന നഗരം ഏതാണെന്ന് ചോദിച്ചാൽ മുംബൈയോ പുണെയോ ബംഗളൂരുവോ ഡൽഹിയോ എന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ കണക്കുകൾ പറയുന്നത് മറ്റൊരു കഥയാണ്.രാജ്യത്തെ അസംഘടിത മേഖലയിലെ ശരാശരി വാർഷിക വേതനത്തിൽ കേരളത്തിലെ എറണാകുളമാണ് ഒന്നാം സ്ഥാനത്ത്. 2025ലെ Annual Survey of Unincorporated Sector Enterprises (ASUSE) റിപ്പോർട്ട് പ്രകാരം എറണാകുളത്ത് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഒരാളുടെ ശരാശരി വാർഷിക വരുമാനം 2.18 ലക്ഷം രൂപയാണ്.ഇതിന് മുന്നിൽ രാജ്യത്തെ വൻ നഗരങ്ങൾക്കൊന്നും എത്താനായിട്ടില്ല. മുംബൈ സബർബനിലെ ശരാശരി വാർഷിക വേതനം 1.81 ലക്ഷം രൂപ മാത്രമാണ്.
ടോപ് 10ൽ കേരളത്തിന്റെ ആധിപത്യം
ASUSE-2025 പ്രകാരം അസംഘടിത മേഖലയിലെ ഉയർന്ന ശരാശരി വാർഷിക വേതനമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന് വൻ നേട്ടമാണ്.
1. എറണാകുളം – ₹2.18 ലക്ഷം
2. തിരുപ്പൂർ, തമിഴ്നാട് – ₹2.13 ലക്ഷം
3. രംഗറെഡ്ഡി, തെലങ്കാന – ഏകദേശം ₹2.13 ലക്ഷം
4. കോട്ടയം, കേരളം – ₹2.12 ലക്ഷം
5. തൃശൂർ, കേരളം – ₹2.09 ലക്ഷം
6. ആൻഡമാൻ & നിക്കോബാർ – ₹2.08 ലക്ഷം
7. വയനാട്, കേരളം – ₹2.02 ലക്ഷം
8. ഇടുക്കി, കേരളം – ₹2.01 ലക്ഷം
9. പലാമു, ജാർഖണ്ഡ് – ₹1.99 ലക്ഷം
10. തിരുവനന്തപുരം, കേരളം – ഏകദേശം ₹1.99 ലക്ഷം
അതായത് രാജ്യത്തെ ടോപ് 10 പട്ടികയിൽ ആറ് സ്ഥാനങ്ങളും കേരളത്തിനാണ്. എറണാകുളത്തിന് പുറമെ കോട്ടയം, തൃശൂർ, വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു.
മുംബൈയും പുണെയും പിന്നിൽ
രാജ്യത്തെ പ്രധാന സാമ്പത്തിക നഗരങ്ങളായ മുംബൈയും പുണെയും കേരളത്തിലെ പല ജില്ലകളെയും പിന്നിലാക്കുന്ന കാഴ്ചയാണ് കണക്കുകളിൽ കാണുന്നത്.മുംബൈ സബർബനിൽ ശരാശരി വാർഷിക വേതനം 1.81 ലക്ഷം രൂപയാണ്. പുണെയിൽ ഇത് 1.75 ലക്ഷം രൂപ.അതേസമയം കേരളത്തിലെ കോട്ടയം, തൃശൂർ, വയനാട്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിൽ ശരാശരി വാർഷിക വേതനം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ്.
ബംഗളൂരുവിനേക്കാൾ മുന്നിൽ മൈസൂരു
വലിയ നഗരങ്ങളിൽ മാത്രമാണ് ഉയർന്ന വേതനം ലഭിക്കുന്നതെന്ന പൊതുധാരണയ്ക്കും കണക്കുകൾ തിരിച്ചടിയാണ്.കർണാടകയിൽ മൈസൂരുവിൽ ശരാശരി 1.84 ലക്ഷം രൂപ വേതനം ലഭിക്കുമ്പോൾ സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിൽ ഇത് 1.57 ലക്ഷം രൂപ മാത്രമാണ്.
തമിഴ്നാട്ടിലും സമാനമായ വ്യത്യാസം കാണാം. ചെന്നൈയിൽ ശരാശരി വാർഷിക വേതനം 1.73 ലക്ഷം രൂപയാണെങ്കിൽ തിരുപ്പൂരിൽ ഇത് 2.13 ലക്ഷം രൂപയാണ്. കോയമ്പത്തൂരിലും ശരാശരി വേതനം 1.88 ലക്ഷം രൂപയുണ്ട്.
ഗുജറാത്തിലും വലിയ നഗരങ്ങളെ ചെറുനഗരങ്ങൾ മറികടക്കുന്നു
ഗുജറാത്തിലെ പ്രധാന വ്യവസായ നഗരമായ സൂറത്തിൽ അസംഘടിത മേഖലയിലെ ശരാശരി വാർഷിക വേതനം 1.86 ലക്ഷം രൂപയാണ്.എന്നാൽ അഹമ്മദാബാദിൽ ഇത് 1.73 ലക്ഷം രൂപയും സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ 1.63 ലക്ഷം രൂപയുമാണ്.
ഹരിയാനയിലും സമാനമായ പ്രവണതയാണ്. ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിൽ ശരാശരി വാർഷിക വേതനം 1.46 ലക്ഷം രൂപ മാത്രമാണ്. എന്നാൽ സംസ്ഥാനത്തെ റോഹ്തക്കിൽ ഇത് 1.82 ലക്ഷം രൂപയിലെത്തുന്നു.
ലക്നൗവിനേക്കാൾ മുന്നിൽ ഷാമ്ലി
ഉത്തർപ്രദേശിലും വലിയ നഗരങ്ങളേക്കാൾ ചില ചെറുനഗരങ്ങളിലാണ് അസംഘടിത മേഖലയിലെ ശരാശരി വേതനം കൂടുതലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ലക്നൗവിൽ ശരാശരി വാർഷിക വേതനം 1.17 ലക്ഷം രൂപ മാത്രമാണെങ്കിൽ ഷാമ്ലിയിൽ ഇത് 1.48 ലക്ഷം രൂപയാണ്.
പഞ്ചാബിലും സമാനമാണ് സ്ഥിതി. അമൃത്സറിൽ ശരാശരി വേതനം 1.17 ലക്ഷം രൂപ മാത്രമുള്ളപ്പോൾ ഭട്ടിൻഡയിൽ ഇത് 1.62 ലക്ഷം രൂപയാണ്.
എന്താണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്?
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലാണ് ഏറ്റവും ഉയർന്ന വരുമാനമെന്ന ധാരണയെ ചോദ്യം ചെയ്യുന്നതാണ് ASUSE-2025ലെ കണക്കുകൾ. അസംഘടിത മേഖലയിൽ പ്രാദേശിക വ്യവസായങ്ങളുടെ സ്വഭാവം, തൊഴിൽ ലഭ്യത, പരമ്പരാഗത വ്യാപാര മേഖലകൾ, ചെറുകിട സംരംഭങ്ങളുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ ശരാശരി വേതനത്തെ കാര്യമായി സ്വാധീനിക്കുന്നുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന.പ്രത്യേകിച്ച് കേരളത്തിലെ എറണാകുളം ഒന്നാം സ്ഥാനത്തെത്തിയതും രാജ്യത്തെ ടോപ് 10ൽ ആറ് പ്രദേശങ്ങൾ കേരളത്തിൽ നിന്നുള്ളതുമാണ് റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.
