ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളർച്ചയെ ചൊല്ലിയുള്ള രാഷ്ട്രീയ-സാമ്പത്തിക വിവാദങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മികച്ച നയതന്ത്ര ഇടപെടലുകളാണ് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തിയതെന്ന് അമിത് ഷാ പറഞ്ഞു.നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യ 7.8 ശതമാനം ജിഡിപി വളർച്ച നേടിയെന്ന കേന്ദ്രസർക്കാരിന്റെ കണക്കിനെതിരെ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് രംഗത്തെത്തിയിരുന്നു. ഔദ്യോഗിക കണക്കിലുള്ള വളർച്ചാ നിരക്ക് ശരിയല്ലെന്നും യഥാർഥ വളർച്ച ഏകദേശം 2.6 ശതമാനം മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഈ വാദം ഏറ്റെടുത്തതോടെ ജിഡിപി കണക്കെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.
‘ഇന്ത്യയുടെ വളർച്ച പലർക്കും സഹിക്കുന്നില്ല’
വളർച്ചാ കണക്കിനെതിരായ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറുപടി നൽകിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ചിലർക്ക് അംഗീകരിക്കാനാകുന്നില്ലെന്നായിരുന്നു മോദിയുടെ വിമർശനം.
2013 വരെ ഇന്ത്യയെ ‘ഫ്രജൈൽ 5’ അഥവാ ദുർബലവും എപ്പോൾ വേണമെങ്കിലും പ്രതിസന്ധിയിലാകാവുന്നതുമായ സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നവരാണ് ഇപ്പോഴത്തെ വളർച്ചയെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.2017 മുതൽ 2019 വരെ മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ് പിന്നീട് ഊർജ മന്ത്രാലയത്തിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്വയം വിരമിച്ചിരുന്നു. ധനമന്ത്രി നിർമല സീതാരാമനുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും ഗാർഗ് പിന്നീട് വ്യക്തമാക്കിയിരുന്നു.
‘നയതന്ത്രം സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി’
മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലുകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായി സഹായിച്ചുവെന്നാണ് അമിത് ഷായുടെ വാദം. ഇറാൻ-യുഎസ് സംഘർഷം, റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കാൻ മോദിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായി ഗോവയിലെത്തിയ അമിത് ഷാ ഒരു പൊതുപരിപാടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
22 രാജ്യങ്ങളിലെ സന്ദർശനം ചൂണ്ടിക്കാട്ടി
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 22 രാജ്യങ്ങൾ സന്ദർശിച്ചെന്നും 15 രാഷ്ട്രത്തലവന്മാർ ഇന്ത്യയിലെത്തിയെന്നും അമിത് ഷാ പറഞ്ഞു.ആഗോള സാമ്പത്തിക അനിശ്ചിതത്വം പല രാജ്യങ്ങളെയും ആശങ്കയിലാക്കിയപ്പോഴും ഇന്ത്യ വിവിധ രാജ്യങ്ങളുമായി തന്ത്രപ്രധാനമായ വ്യാപാര, നിക്ഷേപ കരാറുകളിൽ ഏർപ്പെട്ടുവെന്നും ഇത് സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാപാരവും പ്രതിരോധ സഹകരണവുംവിവിധ രാജ്യങ്ങളുമായി പ്രതിരോധം, സാമ്പത്തിക സഹകരണം, നിക്ഷേപം, ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കരാറുകളിൽ ഏർപ്പെട്ടതായി അമിത് ഷാ പറഞ്ഞു. ഒമ്പത് രാജ്യങ്ങളുമായി വ്യാപാരക്കരാറുകളിലും ഇന്ത്യ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തെ ഇന്ത്യയുടെ ‘വാക്സിൻ നയതന്ത്രം’ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതായും പ്രകൃതിദുരന്തങ്ങൾ നേരിട്ട നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചതായും അമിത് ഷാ പറഞ്ഞു.ആഗോള തലത്തിലെ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും തുടരുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിലനിർത്താൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകൾക്ക് കഴിഞ്ഞുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തൽ.
