സുഗന്ധവ്യഞ്ജന മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനായി സ്പൈസസ് ബോർഡും ഐസിഎആർ–ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ (IISR) അഗ്വെഞ്ചർ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററും (AgVenture TBI) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ സ്പൈസസ് ബോർഡിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ‘ആസ്പയർ’ (ASPIRE) സ്കീമിന്റെ ഇൻകുബേഷൻ സെന്ററായി അഗ്വെഞ്ചർ ടിബിഐ പ്രവർത്തിക്കും.
കൊച്ചിയിലെ സ്പൈസസ് ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബോർഡ് സെക്രട്ടറി എം.എസ്. മണിവണ്ണനും അഗ്വെഞ്ചർ ടിബിഐ സെക്രട്ടറി ഡോ. വി.കെ. സജേഷും ധാരണാപത്രം കൈമാറി.ചടങ്ങിൽ ഐഐഎസ്ആർ ഡയറക്ടർ ഡോ. ആർ. ദിനേശ്, നിഫ്ടെം–തഞ്ചാവൂർ ഡയറക്ടർ പ്രൊഫ. വി. പളനിമുത്തു, ഐഐടി പാലക്കാട് ഇൻകുബേഷൻ സെന്റർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. മിധു, സ്പൈസസ് ബോർഡ് മാർക്കറ്റിങ് ഡയറക്ടർ ബി.എൻ. ഝാ, അസിസ്റ്റന്റ് ഡയറക്ടർ വി. വിജീഷ്ണ, കെ.എൽ. സനോജ് എന്നിവർ പങ്കെടുത്തു.
ധാരണാപത്രത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന സ്പൈസസ് ഇൻകുബേഷൻ സെന്റർ വഴി സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME), കയറ്റുമതിക്കാർ, കർഷക ഉൽപ്പാദക സംഘടനകൾ (FPO) എന്നിവർക്ക് സമഗ്ര പിന്തുണ ലഭ്യമാക്കും. ഗവേഷണ സഹകരണം, സാങ്കേതികവിദ്യ കൈമാറ്റം, മൂല്യവർധിത ഉൽപ്പന്ന വികസനം, ഇൻകുബേഷൻ, ബിസിനസ് മെന്ററിങ്, ധനസഹായം ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.കയറ്റുമതി ലക്ഷ്യമിട്ട് മൂല്യവർധിത സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ പിന്തുണയും പുതിയ ഇൻകുബേഷൻ സെന്റർ വഴി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
സുഗന്ധവ്യഞ്ജന മേഖലയിൽ നൂതന സംരംഭങ്ങൾ വളർത്തിയെടുക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും ഇന്ത്യൻ മസാല ഉൽപ്പന്നങ്ങളുടെ ആഗോള മത്സരശേഷി ഉയർത്തുന്നതിനും ഈ സഹകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

