ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി

ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ പുതിയ സംവിധാനവുമായി യുപിഐ പ്ലാറ്റ്‌ഫോമുകൾ. ഇനി ഗൂഗിൾ പേ (GPay), ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകളിലൂടെ 5,000 രൂപ വരെ പണമയയ്ക്കാൻ പിൻ നമ്പറിന് പകരം വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിക്കാം.
ബയോമെട്രിക് ഓതന്റിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് വിവിധ യുപിഐ ആപ്പുകളിൽ വ്യാപകമായി ലഭ്യമായത്. ആദ്യം ഈ സേവനം ലഭ്യമാക്കിയത് ഭീം ആപ്പിലൂടെയായിരുന്നു.നിലവിൽ സാധാരണ യുപിഐ ഇടപാടുകൾക്ക് പിൻ നമ്പർ നിർബന്ധമാണെങ്കിലും, പുതിയ സംവിധാനത്തിലൂടെ ഫോണിലെ ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ച് അതിവേഗത്തിൽ പണമിടപാട് പൂർത്തിയാക്കാം. രാജ്യത്ത് പുറത്തിറങ്ങുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ ഭൂരിഭാഗത്തിലും ബയോമെട്രിക് സൗകര്യം ലഭ്യമാണ്.

ഫീച്ചർ എങ്ങനെ സജ്ജമാക്കാം?

ഫോണിൽ ഫിംഗർപ്രിന്റ് ഇതിനകം സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, ഗൂഗിൾ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക. തുടർന്ന് ‘Payment Methods’ വിഭാഗത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. അവിടെ കാണുന്ന ‘Manage Biometrics’ ഓപ്ഷനിൽ പ്രവേശിച്ച് ‘Use Fingerprint or Face ID’ സജ്ജമാക്കാം. തുടർന്ന് പിൻ നമ്പർ നൽകി സ്ഥിരീകരിച്ചാൽ ബയോമെട്രിക് സൗകര്യം പ്രവർത്തനക്ഷമമാകും.

ഫോണിൽ ഫിംഗർപ്രിന്റ് സജ്ജമാക്കിയിട്ടില്ലെങ്കിൽ ആദ്യം ഫോൺ സെറ്റിങ്സിൽ പോയി വിരലടയാളം രജിസ്റ്റർ ചെയ്യണം. അതിന് ശേഷമേ ഗൂഗിൾ പേയിലോ മറ്റ് യുപിഐ ആപ്പുകളിലോ ബയോമെട്രിക് ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കാൻ സാധിക്കൂ.

പുതിയ സംവിധാനത്തിലൂടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം അയയ്ക്കുമ്പോൾ ഇനി പിൻ നമ്പർ ടൈപ്പ് ചെയ്യേണ്ടതില്ല. വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ഇടപാട് ഉടൻ പൂർത്തിയാക്കാനാകും. ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കുന്ന നീക്കമായാണ് ഈ ഫീച്ചറിനെ വിലയിരുത്തുന്നത്.