പകരംതീരുവ സമ്മർദ്ദത്തിനിടയിലും റെക്കോർഡ് മുന്നേറ്റം: ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ വൻ വളർച്ച;

പകരംതീരുവ സംബന്ധമായ വെല്ലുവിളികൾ നിലനിൽക്കുന്നതിനും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇടിവുണ്ടായതിനും ഇടയിലും 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി റെക്കോർഡ് ഉയരത്തിലെത്തി. Marine Products Export Development Authorityയുടെ കണക്കുകൾ പ്രകാരം കയറ്റുമതി മൂല്യം ചരിത്രത്തിൽ ആദ്യമായി 72,000 കോടി രൂപ കടന്നു.

മൊത്തം കയറ്റുമതി 19,32,347 മെട്രിക് ടണ്ണായി ഉയർന്നു. മൂല്യം 72,325.82 കോടി രൂപയായി. അളവിൽ 5.59 ശതമാനവും മൂല്യത്തിൽ 6.46 ശതമാനവും വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 18,29,945 മെട്രിക് ടണ്ണും 67,936.93 കോടി രൂപയുമായിരുന്നു. ഡോളർ മൂല്യത്തിൽ 2.38 ശതമാനം വളർച്ചയും ഉണ്ടായി.ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളാണ് വളർച്ചയ്ക്ക് പ്രധാന പിന്തുണയായത്. എന്നാൽ പകരംതീരുവ ബാധകമായിട്ടും അമേരിക്കയാണ് ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി.

മുന്നിൽ നിൽക്കുന്നത് ശീതീകരിച്ച ചെമ്മീൻ തന്നെയാണ്. 8,45,012 മെട്രിക് ടൺ ചെമ്മീൻ കയറ്റുമതി ചെയ്തപ്പോൾ വരുമാനം 47,973.13 കോടി രൂപയായി. ആകെ കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ടിലധികവും ഈ വിഭാഗത്തിൽ നിന്നാണ്.ശീതീകരിച്ച മത്സ്യം, കണവ, കൂന്തൽ, ഉണക്കമീൻ, ജീവനുള്ള മത്സ്യങ്ങൾ എന്നിവയുടെ കയറ്റുമതിയും ഉയർന്നു. അതേസമയം, തണുപ്പിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഫിഷ്മീൽ, ഫിഷ് ഓയിൽ, സുരിമി ഉൽപ്പന്നങ്ങൾ എന്നിവയിൽ വളർച്ച ഉണ്ടായി.

അമേരിക്കയിലേക്കുള്ള കയറ്റുമതി മൂല്യത്തിൽ 14.5 ശതമാനവും അളവിൽ 19.8 ശതമാനവും ഇടിഞ്ഞെങ്കിലും 2.32 ബില്യൺ ഡോളർ മൂല്യവുമായി അത് ഏറ്റവും വലിയ വിപണിയായി തുടരുന്നു. ചൈനയിലേക്കുള്ള കയറ്റുമതിയിൽ അളവിൽ 20.1 ശതമാനവും മൂല്യത്തിൽ 22.7 ശതമാനവും വളർച്ച ഉണ്ടായി. യൂറോപ്യൻ യൂണിയനിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും ശക്തമായ വർധനയും രേഖപ്പെടുത്തി.