സർപ്രൈസ് ഹിറ്റായി ‘ഭരതനാട്യം 2: മോഹിനിയാട്ടം’; ആഗോള കളക്ഷൻ പുറത്തുവന്നു

സൈജു കുറുപ്പ് നായകനായി എത്തിയ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ മികച്ച പ്രതികരണം നേടി ബോക്സ് ഓഫിസിൽ മുന്നേറുന്നു. റിലീസിന് പിന്നാലെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ആഗോള കളക്ഷൻ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഇതിനകം തന്നെ ചിത്രം ലോകമെമ്പാടുമായി 25 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. കുടുംബപ്രേക്ഷകരെയും കലാപ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള അവതരണമാണ് ചിത്രത്തിന് മികച്ച പ്രതികരണം നേടിക്കൊടുക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങിയ ചിത്രം ഏപ്രിൽ 10-നാണ് തീയറ്ററുകളിൽ എത്തിയത്. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാറും ചേർന്നാണ് നിർമ്മാണം നിർവഹിച്ചത്.സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രമെന്ന പ്രത്യേകതയും ‘ഭരതനാട്യം 2: മോഹിനിയാട്ടം’ സ്വന്തമാക്കുന്നു. നല്ല വാക്ക് ഓഫ് മൗത്ത് പിന്തുണയോടെ ചിത്രം വരും ദിവസങ്ങളിലും മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ.