പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി അമേരിക്ക ഇറാനു മുന്നിൽ 15 ഇന നിർദേശങ്ങൾ അവതരിപ്പിച്ചു. ഇതിന് മറുപടിയായി ഇറാനും ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ലോകത്തിന്റെ എണ്ണ ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കണമെന്ന ആവശ്യമാണ്.
ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഇടുങ്ങിയ കടൽപാതയാണ് ഹോർമുസ് കടലിടുക്ക്. ഈ പാത തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടു. ഈ സാഹചര്യത്തെ മുതലെടുത്ത് കൂടുതൽ തന്ത്രപരമായ നേട്ടങ്ങൾ നേടാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസിന്റെ നിയന്ത്രണം കൈവശമാകുന്നുവെങ്കിൽ സാമ്പത്തികമായി വലിയ നേട്ടം നേടുന്നതിനൊപ്പം രാജ്യാന്തര തലത്തിൽ സമ്മർദ ശക്തിയായി മാറാനും ഇറാനു കഴിയും.
ഇസ്രയേലോ അമേരിക്കയോ ആക്രമണം നടത്തുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നേരത്തേ നൽകിയിരുന്നു. എന്നാൽ ഈ പാതയിൽ ഉണ്ടായ തടസ്സം ലോകത്തിന് അതിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാൻ കാരണമായി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണവിതരണം കുറയുകയും, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു.
ഈ സാഹചര്യത്തിന് ശേഷം ഹോർമുസിനെ തന്ത്രപരമായി എങ്ങനെ ഉപയോഗിക്കാമെന്ന് ഇറാൻ വ്യക്തമായി തിരിച്ചറിഞ്ഞതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഭാവിയിലും ഹോർമുസ് കടലിടുക്ക് സമ്മർദ ആയുധമായി ഇറാൻ ഉപയോഗിക്കാമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. ഇതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതിയും ഇറാൻ പരിഗണിക്കുന്നതായി സൂചനകളുണ്ട്. ഇതിനായി നിയമനിർമാണ നടപടികളും പുരോഗമിക്കുന്നുവെന്നാണ് വിവരം.എന്നാൽ രാജ്യാന്തര സമുദ്ര വ്യാപാര നിയമങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പിരിവുകൾ അനുവദനീയമല്ല. ഹോർമുസ് കടലിടുക്ക് ഇറാനും ഒമാനും തമ്മിലുള്ള സമുദ്ര അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ഇരുരാജ്യങ്ങളുടെയും നിയമങ്ങൾ ഇവിടെ ബാധകമാണ്. അതേസമയം, ഈ പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് രാജ്യാന്തര സമുദ്രനിയമങ്ങളും ബാധകമാണ്.
എല്ലാ രാജ്യങ്ങൾക്കും ഈ കടൽപാത വഴി കപ്പലുകൾ സഞ്ചരിക്കാനുള്ള അവകാശമുണ്ടെങ്കിലും, ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ ഉടമ്പടിയിൽ അമേരിക്കയും ഇറാനും അംഗങ്ങളല്ല എന്നത് ശ്രദ്ധേയമാണ്. ഇതിനെ അടിസ്ഥാനമാക്കി രാജ്യാന്തര നിയമങ്ങൾ പാലിക്കേണ്ട ബാധ്യത ഇല്ലെന്ന വാദം ഇറാൻ ഉയർത്താൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
