താരിഫ് വിവാദത്തിൽ ട്രംപിന് വീണ്ടും തിരിച്ചടി; റീഫണ്ടിന് വഴിതുറന്ന് ഫെഡറൽ കോടതിയുടെ നിർണായക വിധി

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധവും അധികാര ദുരുപയോഗവുമാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സുപ്രീം കോടതി കഴിഞ്ഞ മാസം അത് അസാധുവാക്കിയിരുന്നു. എന്നാൽ, അന്നത്തെ വിധിയിൽ തീരുവയായി പിരിച്ചെടുത്ത തുക തിരിച്ചുനൽകണോയെന്ന കാര്യത്തിൽ സുപ്രീം കോടതി വ്യക്തമായ നിർദ്ദേശം നൽകിയിരുന്നില്ല. ഈ വിഷയത്തിൽ ഇപ്പോൾ ന്യൂയോർക്കിലെ ഫെഡറൽ കോടതി വ്യക്തത വരുത്തിയിരിക്കുന്നത് ട്രംപ് ഭരണകൂടത്തിന് പുതിയ തിരിച്ചടിയായി.

പകരംതീരുവ അടച്ച എല്ലാ കമ്പനികളും റീഫണ്ടിന് അർഹരാണെന്ന് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് ജഡ്ജിയായ റിച്ചാർഡ് ഈറ്റൺ വ്യക്തമാക്കി. ഇതോടെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി റീഫണ്ട് പ്രക്രിയയ്ക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരമാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പകരംതീരുവ പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു. അന്നുമുതൽ പിരിച്ചെടുത്ത എല്ലാ തീരുവകളും ഇനി ട്രംപ് ഭരണകൂടം തിരികെ നൽകേണ്ടിവരുമെന്ന സാഹചര്യമാണിപ്പോൾ.

തിരഞ്ഞെടുത്ത ചില കമ്പനികൾക്ക് മാത്രമല്ല, പകരംതീരുവ അടച്ച എല്ലാ കമ്പനികൾക്കും റീഫണ്ടിന് അവകാശമുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസുകൾ കോടതി തുടർന്നും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ വരെയുള്ള കണക്കുപ്രകാരം ഏകദേശം 130 ബില്യൺ ഡോളർ (ഏകദേശം 11.78 ലക്ഷം കോടി രൂപ) പകരംതീരുവയായി ട്രംപ് ഭരണകൂടം പിരിച്ചെടുത്തിട്ടുണ്ട്.അതേസമയം, റീഫണ്ട് നടപടികൾ നടപ്പാക്കുന്നതിനായി ട്രംപ് ഭരണകൂടം കൂടുതൽ സമയം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതി വിധിക്ക് പിന്നാലെ എല്ലാ രാജ്യങ്ങൾക്കും പൊതുവായി 10 ശതമാനം പകരംതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് അത് 15 ശതമാനമായി ഉയർത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ 10 ശതമാനം തന്നെയാണ് പ്രാബല്യത്തിൽ ഉള്ളത്. 15 ശതമാനമാക്കുന്ന പുതിയ ഉത്തരവ് ഈയാഴ്ച പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

ഇതോടൊപ്പം, ഈ വർഷം ഓഗസ്റ്റോടെ പകരംതീരുവ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന സൂചനയും ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്.