രാജ്യത്ത് ഏപ്രിൽ 1 മുതൽ വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ (ഇ20) നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ധനത്തിന്റെ റിസർച്ച് ഒക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം നിയന്ത്രിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എഥനോൾ മിശ്രണം വ്യാപകമാക്കിയതിലൂടെ 2014-15 മുതൽ ഇതുവരെ രാജ്യത്തിന് 1.4 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു.
2022 ജൂണിൽ 10 ശതമാനം എഥനോൾ മിശ്രിതം (ഇ10) എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചിരുന്നു. നിലവിൽ രാജ്യത്ത് നിർമ്മിക്കുന്ന വാഹനങ്ങൾ ഇ20 ഇന്ധനത്തിൽ പ്രവർത്തിക്കാൻ അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും, അതിനാൽ ഏപ്രിൽ മുതൽ ഇ20 നടപ്പാക്കുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.അതേസമയം, പ്രത്യേക സാഹചര്യങ്ങൾ നിലനിൽക്കുന്ന ചില മേഖലകളിൽ പരിമിതമായ കാലയളവിൽ ഇളവുകൾ അനുവദിക്കാനുമുള്ള സാധ്യത സർക്കാർ തുറന്നുവെച്ചിട്ടുണ്ട്.

