ദേശീയ പാതകളിലെ ടോൾ പിരിവ് സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കാന്‍ തീരുമാനം. നിലവില്‍ ഭൂരിഭാഗം ടോൾ പ്ലാസകളിലും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് പിരിവ് നടക്കുന്നത് എങ്കിലും പണമായി ടോൾ നല്‍കാനുള്ള സൗകര്യം തുടരുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചതായി അറിയിച്ചു. 2026 ഏപ്രില്‍ മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പണമായി ടോള്‍ നല്‍കാനുള്ള സൗകര്യം ഒഴിവാക്കും. അതോടെ ഫാസ്‌ടാഗ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പണമിടപാട് മാര്‍ഗങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു.
ഇപ്പോഴും ദേശീയ പാതകളിലെ ടോള്‍ പിരിവിന്റെ ഏകദേശം 98 ശതമാനവും ഫാസ്‌ടാഗ് വഴിയാണെന്ന് ഉപരിതല റോഡ് ഗതാഗതവും ദേശീയപാതകളും കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫാസ്‌ടാഗിന് പുറമെ ഏകീകൃത ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലൂടെയും ചില ടോള്‍ പ്ലാസകളില്‍ പിരിവ് നടക്കാറുണ്ട്.നിലവില്‍ ഫാസ്‌ടാഗില്ലാതെ ടോള്‍ പ്ലാസയിലെത്തുന്നവര്‍ക്ക് പണമായി ടോള്‍ നല്‍കാം. എന്നാല്‍ അത്തരത്തില്‍ നല്‍കുമ്പോള്‍ ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാതെ നല്‍കുന്ന പണമിടപാടുകള്‍ ടോള്‍ പ്ലാസകളിലെ തിരക്ക് വര്‍ധിപ്പിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടോള്‍ പിരിവ് നൂറുശതമാനം ഡിജിറ്റലാക്കുകയാണ് ലക്ഷ്യം.
പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കുന്നതോടെ പണമിടപാട് കൂടുതല്‍ കാര്യക്ഷമമാകുകയും വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറയുകയും ഗതാഗത തടസ്സങ്ങള്‍ ഒഴിവാകുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയ പാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും സമയനഷ്ടം കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

