പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബജറ്റിന് മുന്‍പോ ഇപ്പോള്‍പ്പോലും അധിക ലയനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും അത്തരമൊരു വിഷയമേ നിലവിലില്ലെന്നും അവർ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

അതേസമയം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉയര്‍ന്ന തല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, സമിതി മുന്നോട്ടുവയ്ക്കുന്ന ശുപാര്‍ശകള്‍ കേന്ദ്രം ഗൗരവമായി പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി വന്‍കിട വികസന പദ്ധതികള്‍ക്ക് ആവശ്യമായ വായ്പകള്‍ നല്‍കാന്‍ ശേഷിയുള്ള വലിയ ബാങ്കുകളെ രൂപപ്പെടുത്തുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ വര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലോകത്തിലെ മുന്‍നിര ബാങ്കുകളുടെ നിരയില്‍ ഇന്ത്യയിലെ ബാങ്കുകളെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ ബാങ്കുകളെ സംയോജിപ്പിക്കാമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അത്തരം നീക്കമൊന്നും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആസ്തി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ പ്രമുഖ നൂറ് ബാങ്കുകളുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് നാല്പത്തിയേഴാം സ്ഥാനത്താണ്. 2017ലാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് ലയന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് 2019ലെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങിയിരുന്നു.