സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച സർവ റെക്കോർഡുകളും മറികടന്ന് സ്വർണവില വലിയ കുതിപ്പ് നടത്തിയെങ്കിലും, അതിന് പിന്നാലെ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ആകെ 20,040 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപകർ ലാഭമെടുത്തതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ വില താഴ്ന്നതും, ഡോളർ കരുത്താർജ്ജിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. ആഗോള വിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാത്തതോടെ ഡോളർ ശക്തമായതും, സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഇടിവുണ്ടാകാൻ കാരണമായി. എന്നാൽ വില കുറഞ്ഞതോടെ സ്വർണത്തിലേക്കുള്ള നിക്ഷേപ താൽപര്യം വീണ്ടും വർധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവില വീണ്ടും ഉയരാനിടയുണ്ടെന്നാണു വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
ഡിസംബർ 23ന് ഒരു ലക്ഷം രൂപ കടന്ന ശേഷം സ്വർണവില കുതിപ്പ് തുടരുന്നതിനാൽ, ആഭരണങ്ങൾ വാങ്ങുന്നതിൽ സാധാരണക്കാർ മടിയെടുക്കുകയാണ്. സ്വർണം ഒഴിവാക്കിയുള്ള ബദൽ നിക്ഷേപ മാർഗങ്ങൾ തേടുന്നവരും ഏറെയാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം തുടർന്നാൽ സ്വർണവിലക്ക് വീണ്ടും പിന്തുണ ലഭിക്കാനാണ് സാധ്യത. ഇറാൻ–യുഎസ് സംഘർഷ ഭീതിയും റഷ്യ–യുക്രെയ്ൻ യുദ്ധവും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി നിലനിര്ത്തുന്ന ഘടകങ്ങളാണ്.
ഇന്നത്തെ സ്വർണ–വെള്ളി വിലകൾ:
• 22 കാരറ്റ് സ്വർണം (1 ഗ്രാം): ₹13,890
• 18 കാരറ്റ് സ്വർണം (1 ഗ്രാം): ₹11,415
• 14 കാരറ്റ് സ്വർണം (1 ഗ്രാം): ₹8,890
• 9 കാരറ്റ് സ്വർണം (1 ഗ്രാം): ₹5,730
വെള്ളിയുടെ വില റെക്കോർഡിലാണ്; ഇന്ന് ഒരു ഗ്രാം വെള്ളിക്ക് ₹300 ആണ് വില.

