റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി (എംപിസി) യോഗം ഫെബ്രുവരി 4ന് ആരംഭിക്കും. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം ഫെബ്രുവരി 6ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വായ്പാ നയം പ്രഖ്യാപിക്കും. വരാനിരിക്കുന്ന എംപിസി യോഗത്തിൽ പലിശനിരക്കുകൾ നിലവിലെ നിലയിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
2025 ഫെബ്രുവരിക്ക് ശേഷം ആർബിഐ റിപ്പോ നിരക്കിൽ ആകെ 125 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതോടെ നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരുകയാണ്.ഇതിനിടെ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിച്ചു. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) വർധിപ്പിക്കാനുള്ള പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിലെ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യുന്ന ഓഹരികളുടെ വാങ്ങലിനും വിൽപ്പനയ്ക്കുമാണ് എസ്ടിടി സർക്കാർ ഈടാക്കുന്നത്.
ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് (എഫ്&ഒ) ഇടപാടുകളിലെ എസ്ടിടി വർധിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഫ്യൂച്ചേഴ്സ് ഇടപാടുകളിലെ എസ്ടിടി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമാക്കുകയും, ഓപ്ഷൻ ഇടപാടുകളിൽ ഇത് മുൻപ് ഉണ്ടായിരുന്ന 0.01 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായി ഉയർത്തുകയും ചെയ്യുമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.ആർബിഐയുടെ പണനയ പ്രഖ്യാപനം കൂടി അടുത്തിരിക്കെ വിപണി കൂടുതൽ ജാഗ്രതയോടെയാണ് മുന്നേറുന്നത്. ഇതോടൊപ്പം, കമ്പനികളുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങളും വിപണിയുടെ ദിശയെ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

