സൈബർ സുരക്ഷാ മേഖലയിൽ തൊഴിൽ സാധ്യതകൾ തേടുന്നവർക്ക് അവസരമൊരുക്കി തിരുവനന്തപുരം ഐസിടി അക്കാദമി ഓഫ് കേരളയുടെ (ICTAK) സഹകരണത്തോടെയുള്ള ‘സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്’ പരിശീലന പദ്ധതി. സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (STPI) ദേശീയതലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 25-നകം ഓൺലൈനായി അപേക്ഷിക്കണമെന്നാണ് അറിയിപ്പ്.
ആർക്കൊക്കെ അപേക്ഷിക്കാം?
എൻജിനീയറിങ് അല്ലെങ്കിൽ സയൻസ് ബിരുദമുള്ളവർക്ക് പരിശീലനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും എൻജിനീയറിങ് വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമ നേടിയവർക്കും അവസരമുണ്ട്. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം.
പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം
തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്ടിപിഐ കേന്ദ്രത്തിലാണ് ക്ലാസുകൾ നടത്തുക. പരിശീലനത്തിന്റെ ഭാഗമായി ഒരു മാസത്തെ ഇന്റേൺഷിപ്പും ഉണ്ടായിരിക്കും.ലിനക്സ്, ക്രിപ്റ്റോഗ്രഫി, പെനട്രേഷൻ ടെസ്റ്റിങ്, വെബ് ആപ്ലിക്കേഷൻ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. Nmap, Wireshark, Metasploit തുടങ്ങിയ സൈബർ സുരക്ഷാ ടൂളുകൾ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനവും കോഴ്സിന്റെ ഭാഗമാണ്.ഇതിനുപുറമെ, വൾനറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അടിസ്ഥാനമാക്കിയുള്ള ക്യാപ്സ്റ്റോൺ പ്രോജക്ടും പരിശീലനത്തിലുണ്ടാകും. സൈബർ സുരക്ഷാ രംഗത്തെ പ്രായോഗിക അറിവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
സ്കോളർഷിപ്പും പ്ലേസ്മെന്റ് പിന്തുണയും
യോഗ്യരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നേടാനുള്ള അവസരവും ലഭിക്കും. LinkedIn Learning, Unstop എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രീമിയം ആക്സസ്, വ്യവസായ മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകൾ എന്നിവയും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് പിന്തുണയും ലഭ്യമാക്കും.
കൂടുതൽ വിവരങ്ങൾക്ക്: +91 94 000 63499
