വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളതും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളതുമായ വിദ്യാർഥികളെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി കേരള ക്യാംപസ് ഡൈവേഴ്സിറ്റി മിഷൻ (KCDM) പദ്ധതിക്ക് തുടക്കമാകുന്നു.സംസ്ഥാനത്തെ ക്യാംപസുകൾ കൂടുതൽ വൈവിധ്യപൂർണവും അന്തർദേശീയ നിലവാരമുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 ഇതര സംസ്ഥാന വിദ്യാർഥികളെയും 25 വിദേശ വിദ്യാർഥികളെയും കേരളത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പി.ജി. കോഴ്സുകൾക്ക് മുൻഗണന
പദ്ധതിയിൽ ആദ്യഘട്ടത്തിൽ ബിരുദാനന്തര (PG) കോഴ്സുകൾക്കാണ് മുൻഗണന നൽകുക. എന്നാൽ മറ്റ് കോഴ്സുകളും ആവശ്യാനുസരണം പരിഗണിക്കും.പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ ഫെലോഷിപ്പും അനുവദിക്കും.
അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും
പദ്ധതി അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി വിവിധ സർവകലാശാലകൾ, മറ്റ് സംസ്ഥാന സർക്കാരുകൾ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുകൾ എന്നിവരുമായി ചർച്ചകൾ വേഗത്തിലാക്കും.ഒരു സംസ്ഥാനത്തിൽ നിന്ന് പരമാവധി രണ്ട് വിദ്യാർഥികൾക്കാണ് ഫെലോഷിപ്പ് അനുവദിക്കുക.
വിദേശ വിദ്യാർഥികൾക്കും അവസരം
അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ മലേഷ്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും കേരളത്തിലെ സർവകലാശാലകളിലും കോളജുകളിലും പഠനത്തിനായി ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വൈവിധ്യത്തിന്റെ കേന്ദ്രമായി കേരള ക്യാംപസുകൾ
കേരളത്തിലെ ക്യാംപസുകൾ ഇന്ത്യയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വൈവിധ്യത്തിന്റെ പ്രതിഫലനമായി മാറണമെന്നാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാർഥികളുടെ സാന്നിധ്യം അക്കാദമിക് അന്തരീക്ഷം കൂടുതൽ സജീവമാക്കുകയും, ഗവേഷണം, വിദ്യാർഥി കൈമാറ്റം, സാംസ്കാരിക ഇടപെടൽ എന്നിവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
