വാട്സ്ആപ്പ് കോളുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘IP Protect’ ഫീച്ചർ ഓൺ ചെയ്താൽ ലൊക്കേഷൻ ചോരില്ല

ഡിജിറ്റൽ ലോകത്ത് സൈബർ തട്ടിപ്പുകളും സ്വകാര്യതാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പുതിയ സംവിധാനങ്ങളുമായി വാട്സ്ആപ്പ്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറാണ് ‘Protect IP Address in Calls’ അഥവാ IP Protect.വാട്സ്ആപ്പ് കോളുകൾക്കിടെ നിങ്ങളുടെ ഐപി അഡ്രസ് (IP Address) മറച്ചുവെക്കുന്നതിനും ലൊക്കേഷൻ മറ്റുള്ളവർക്ക് കണ്ടെത്തുന്നത് തടയുന്നതിനുമാണ് ഈ ഫീച്ചർ സഹായിക്കുന്നത്.

എന്താണ് IP Protect?

സാധാരണയായി വാട്സ്ആപ്പ് ഉൾപ്പെടെയുള്ള കോളിങ് ആപ്പുകൾ Peer-to-Peer (P2P) കണക്ഷൻ വഴിയാണ് ശബ്ദ-വീഡിയോ കോളുകൾ ബന്ധിപ്പിക്കുന്നത്. ഇതിലൂടെ മികച്ച കോൾ നിലവാരം ലഭിക്കുന്നുണ്ടെങ്കിലും, ചില സാഹചര്യങ്ങളിൽ മറുവശത്തുള്ള വ്യക്തിക്ക് നിങ്ങളുടെ ഐപി അഡ്രസ് കണ്ടെത്താൻ സാധ്യതയുണ്ട്.
ഐപി അഡ്രസ് ഉപയോഗിച്ച് ഉപയോക്താവിന്റെ ഏകദേശ ലൊക്കേഷൻ തിരിച്ചറിയാൻ കഴിയുന്നതിനാൽ സ്വകാര്യതയ്ക്ക് ഇത് ഭീഷണിയാകാം.IP Protect ഫീച്ചർ ഓൺ ചെയ്താൽ, കോളുകൾ നേരിട്ട് ബന്ധിപ്പിക്കുന്നതിന് പകരം വാട്സ്ആപ്പിന്റെ സുരക്ഷിത സെർവറുകൾ വഴിയാണ് റൂട്ട് ചെയ്യുക. ഇതോടെ നിങ്ങളുടെ യഥാർഥ ഐപി അഡ്രസ് മറഞ്ഞിരിക്കുകയും ലൊക്കേഷൻ സുരക്ഷിതമാകുകയും ചെയ്യും.

പ്രധാന ഗുണങ്ങൾ

ലൊക്കേഷൻ സുരക്ഷ: കോളിലൂടെ നിങ്ങളുടെ ഐപി അഡ്രസ് മറ്റുള്ളവർക്ക് ലഭിക്കില്ല.
സ്വകാര്യത വർധിക്കും: പരിചയമില്ലാത്ത ആളുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ അധിക സുരക്ഷ ലഭിക്കും.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തുടരും: സെർവർ വഴി കോളുകൾ റൂട്ട് ചെയ്താലും സംഭാഷണം പൂർണമായും End-to-End Encrypted ആയിരിക്കും.

സൈബർ സുരക്ഷ മെച്ചപ്പെടും: ഐപി അഡ്രസ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിങ് സാധ്യത കുറയും.

ശ്രദ്ധിക്കുക: കോളുകൾ നേരിട്ട് ബന്ധിപ്പിക്കാതെ സെർവർ വഴി റൂട്ട് ചെയ്യുന്നതിനാൽ ചില നെറ്റ്‌വർക്ക് സാഹചര്യങ്ങളിൽ കോൾ നിലവാരത്തിൽ നേരിയ വ്യത്യാസം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

എങ്ങനെ ഫീച്ചർ ഓൺ ചെയ്യാം?

ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഈ ഫീച്ചർ സജീവമാക്കാം.

1. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക

ആദ്യം Google Play Store അല്ലെങ്കിൽ Apple App Store വഴി വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

2. Settings തുറക്കുക
ആൻഡ്രോയിഡ്: മുകളിൽ വലതുവശത്തുള്ള Three Dots മെനു തുറന്ന് Settings തിരഞ്ഞെടുക്കുക.
iPhone: താഴെയുള്ള Settings ടാബിൽ ടാപ്പ് ചെയ്യുക.
3. Privacy തിരഞ്ഞെടുക്കുക

Settings മെനുവിൽ നിന്ന് Privacy ഓപ്ഷൻ തുറക്കുക.

4. Advanced തുറക്കുക

Privacy പേജിന്റെ ഏറ്റവും താഴെയുള്ള Advanced വിഭാഗത്തിലേക്ക് പോകുക.

5. ‘Protect IP Address in Calls’ ഓൺ ചെയ്യുക

Protect IP Address in Calls എന്ന ഓപ്ഷനു സമീപമുള്ള ടോഗിൾ ON ചെയ്യുക.

ഇനി മുതൽ വാട്സ്ആപ്പ് കോളുകൾ കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാനാകും. പ്രത്യേകിച്ച് പരിചയമില്ലാത്ത ആളുകളുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ ഐപി അഡ്രസും ലൊക്കേഷൻ വിവരങ്ങളും കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ ഫീച്ചർ സഹായിക്കും.