തമിഴ് നടൻ സൂരി കേന്ദ്രകഥാപാത്രമായി എത്തുന്ന ആക്ഷൻ-ഡ്രാമ ചിത്രം ‘മണ്ടാടി’ യുടെ കേരള വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ചിത്രം 2026 സെപ്റ്റംബർ 4ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ വൻതോതിലുള്ള റിലീസിനാണ് ശ്രീ ഗോകുലം മൂവീസ് ഒരുങ്ങുന്നത്.സംവിധായകൻ മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. സെൽഫിയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം സുഹാസ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹിമ നമ്പ്യാരാണ് നായിക.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോ ഗാനം സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും മികച്ച സ്വീകാര്യത നേടിയിരുന്നു. സ്റ്റൈലിഷ് അവതരണവും ആക്ഷൻ നിറഞ്ഞ ദൃശ്യങ്ങളുമായി എത്തിയ ഗാനം ചിത്രത്തിന്റെ മാസ് സ്വഭാവം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന മണ്ടാടി, ആക്ഷനും വികാരങ്ങളും കോർത്തിണക്കിയ ഒരു ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഏകദേശം 100 കിലോമീറ്റർ നീളമുള്ള തീരപ്രദേശങ്ങളിൽ നടക്കുന്ന സവിശേഷമായ ബോട്ട് സെയിലിംഗ് മത്സരത്തെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. മത്സ്യബന്ധന സംഘത്തിന്റെ നേതാവിനെ സൂചിപ്പിക്കുന്ന പേരാണ് ‘മണ്ടാടി’.
ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.ആർ. കതിറും എഡിറ്റിംഗ് പ്രദീപ് ഇ. രാഘവും കൈകാര്യം ചെയ്യുന്നു. തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

