ജൻ വിശ്വാസ് നിയമം 2026: വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ;നിയമനടപടികളിൽ പുതിയ സമീപനം

ജനങ്ങളെ കൂടുതൽ വിശ്വാസത്തിലെടുത്തും ഭരണനടപടികൾ ലളിതമാക്കിയും നിയമവ്യവസ്ഥയെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ജൻ വിശ്വാസ് നിയമം നടപ്പിലാക്കിയത്. 2023-ൽ അവതരിപ്പിച്ച നിയമത്തിൽ കൂടുതൽ ഭേദഗതികൾ ഉൾപ്പെടുത്തിയാണ് 2026 പതിപ്പ് പ്രാബല്യത്തിലായത്.
വ്യാപാര-വ്യവസായ മേഖലയിലെയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന നിരവധി പഴയ നിയമങ്ങളാണ് ഇതിലൂടെ ലഘൂകരിച്ചിരിക്കുന്നത്. ചെറിയ നിയമലംഘനങ്ങൾക്കും സാങ്കേതിക പിഴവുകൾക്കും മുമ്പ് ക്രിമിനൽ കേസുകളും ജയിൽശിക്ഷയും വരെ നേരിടേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കിൽ, പുതിയ നിയമപ്രകാരം അത്തരം കേസുകളിൽ ഇനി പ്രധാനമായും ‘പെനൽറ്റി’ (Penalty) മാത്രമായിരിക്കും ബാധകമാകുക. ഇതിലൂടെ നിയമനടപടികൾ വേഗത്തിലാക്കുകയും കോടതികളിലെ കേസുകളുടെ ഭാരം കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

നിക്ഷേപ സൗഹൃദ ഇന്ത്യയിലേക്കുള്ള ചുവടുവെപ്പ്

ഇന്ത്യയെ ലോകത്തിലെ ഏറ്റവും നിക്ഷേപ സൗഹൃദ രാജ്യങ്ങളിലൊന്നാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പരിഷ്‌കരണങ്ങൾ മുന്നോട്ടുവെക്കുന്നത്. 2023-ൽ 42 കേന്ദ്രനിയമങ്ങളിൽ ഭേദഗതി വരുത്തിയതിനു പിന്നാലെ, 2026-ൽ 79 നിയമങ്ങളിലായി 784 വകുപ്പുകളിൽ മാറ്റങ്ങൾ നിർദേശിച്ചു. പിന്നീട് മോട്ടോർ വാഹന നിയമത്തിൽ മാത്രം 20-ലധികം പുതിയ ഭേദഗതികളും ഉൾപ്പെടുത്തി.2026 ഏപ്രിൽ 8-ന് കേന്ദ്ര സർക്കാർ ഈ ഭേദഗതികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും, അനുബന്ധ ചട്ടങ്ങൾ രൂപീകരിക്കുന്നതിനനുസരിച്ച് വിവിധ വ്യവസ്ഥകൾ വ്യത്യസ്ത തീയതികളിലായിരിക്കും പ്രാബല്യത്തിൽ വരിക. നിയമപരമായ തടസ്സങ്ങൾ ഉണ്ടായാൽ രണ്ടുവർഷത്തിനകം പരിഹരിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘Fine’ ഇനി ‘Penalty’

2026ലെ ജൻ വിശ്വാസ് നിയമത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് ചെറിയ നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റമായി കാണുന്നതിനു പകരം ഭരണപരമായ നടപടികളിലൂടെ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് നിരവധി നിയമങ്ങളിൽ ‘Fine’ എന്ന പദത്തിന് പകരം ‘Penalty’ എന്നത് ഉപയോഗിക്കുന്നത്.ആകെ 80 നിയമങ്ങളിൽ ഭേദഗതികൾ വന്നിട്ടുണ്ടെങ്കിലും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന് മോട്ടോർ വാഹന നിയമത്തിലേതാണ്.

മോട്ടോർ വാഹന നിയമത്തിൽ എന്തൊക്കെ മാറുന്നു?

2023-ലെ ഭേദഗതിയിലൂടെ തന്നെ പെർമിറ്റുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ലൈസൻസ് സസ്പെൻഷനുശേഷം നിർബന്ധമാക്കിയിരുന്ന സോഷ്യൽ സർവീസ് വ്യവസ്ഥയും ഒഴിവാക്കിയിരുന്നു.2026-ലെ പുതിയ ഭേദഗതികളുടെ ലക്ഷ്യം കുറ്റങ്ങളുടെ ഗൗരവം കുറയ്ക്കുക എന്നതല്ല. മറിച്ച് നിയമം കൂടുതൽ പ്രായോഗികവും കാര്യക്ഷമവുമായി നടപ്പാക്കുക എന്നതാണ്.ഇതിലൂടെ ചെറിയ നിയമലംഘനങ്ങളിൽ കോടതി നടപടികളിലേക്കോ ക്രിമിനൽ കേസുകളിലേക്കോ പോകാതെ ഭരണപരമായ ഉത്തരവുകളിലൂടെ വേഗത്തിൽ നടപടി സ്വീകരിക്കാൻ കഴിയും. വാഹന ഉടമകൾക്കും ഏതൊക്കെ ലംഘനങ്ങൾക്ക് എത്ര പെനൽറ്റി അടയ്ക്കേണ്ടിവരുമെന്ന് മുൻകൂട്ടി വ്യക്തമായി അറിയാൻ സാധിക്കും.അതേസമയം, ഗുരുതരമായ റോഡ് സുരക്ഷാ ലംഘനങ്ങൾക്കും ആവർത്തിച്ചുള്ള കുറ്റങ്ങൾക്കും നിലവിലുള്ള കർശന ശിക്ഷകൾ തുടരും. ചെറിയ സാങ്കേതിക ലംഘനങ്ങളെ പെനൽറ്റി സംവിധാനത്തിലേക്ക് മാറ്റുന്നതിലൂടെ റോഡ് സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.

പ്രധാന ഭേദഗതികൾ

റോഡ് നിർമാണത്തിലെ വീഴ്ചകൾക്ക് കനത്ത പെനൽറ്റി

റോഡ് രൂപകൽപന, നിർമാണം, പരിപാലനം എന്നിവയിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമൂലം അപകടം സംഭവിച്ച് മരണമോ ഗുരുതര പരിക്കുകളോ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ നേരത്തെയുണ്ടായിരുന്ന ഒരു ലക്ഷം രൂപ പിഴയ്ക്ക് പകരം ഇനി പരമാവധി 50 ലക്ഷം രൂപ വരെ പെനൽറ്റി ചുമത്താൻ വ്യവസ്ഥയുണ്ട്.

കോമ്പൗണ്ടിങ് സംവിധാനത്തിൽ മാറ്റം

മുമ്പ് ചില കേസുകളിൽ പിഴ അടച്ച് എളുപ്പത്തിൽ തീർപ്പാക്കാനായിരുന്ന കോമ്പൗണ്ടിങ് സംവിധാനത്തിലും മാറ്റം വരുന്നു. ജയിൽശിക്ഷ ഒഴിവാക്കി പിഴയ്ക്ക് പകരം പെനൽറ്റി ഏർപ്പെടുത്തിയ കേസുകൾ ഇനി നിലവിലെ കോമ്പൗണ്ടിങ് അധികാരപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇത്തരം പെനൽറ്റികൾ എളുപ്പത്തിൽ അടച്ച് തീർപ്പാക്കുന്നതിനുള്ള പുതിയ സംവിധാനം രൂപീകരിക്കാനുള്ള ചുമതല കേന്ദ്ര സർക്കാരിനാണ് നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് മുമ്പുണ്ടായിരുന്ന ചില അധികാരങ്ങളിൽ മാറ്റമുണ്ടാകും.നിലവിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഹെൽമറ്റ് ഉപയോഗിക്കാതിരിക്കൽ തുടങ്ങിയ ചെറിയ കേസുകളിൽ നിയമം നിശ്ചയിച്ച തുകയേക്കാൾ കുറഞ്ഞ കോമ്പൗണ്ടിങ് ഫീസ് സംസ്ഥാനങ്ങൾ ഈടാക്കിയിരുന്ന ഇളവ് ഭാവിയിൽ തുടരുമോയെന്നത് പുതിയ ചട്ടങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

ലൈസൻസ് സസ്പെൻഷനിൽ പോയിന്റ് സംവിധാനം വന്നേക്കാം

പെനൽറ്റി അടിസ്ഥാനമാക്കിയ പുതിയ സംവിധാനം ഭാവിയിൽ പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ് റെക്കോർഡ് സംവിധാനത്തിലേക്കുള്ള വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. നിയമലംഘനങ്ങളുടെ എണ്ണം, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്ന സംവിധാനം ഭാവിയിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

ചുരുക്കത്തിൽ, ജൻ വിശ്വാസ് നിയമം 2026 ചെറിയ നിയമലംഘനങ്ങളിൽ ക്രിമിനൽ നടപടികൾക്ക് പകരം വേഗത്തിലുള്ള ഭരണപരമായ നടപടികൾക്കും പെനൽറ്റി സംവിധാനത്തിനും പ്രാധാന്യം നൽകുന്നു. എന്നാൽ റോഡ് സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റങ്ങളിൽ കർശന നടപടി തുടരുമെന്നതും ഈ നിയമത്തിന്റെ പ്രധാന സന്ദേശമാണ്.