ഇ20 പെട്രോൾ വിതരണം വ്യാപകമാക്കിയതിനെ തുടർന്ന് വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന പരാതികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ഇ20 ഇന്ധനം ഉപയോഗിച്ചതിന്റെ ഫലമായി തകരാറിലായ ഒരു കാർ പോലും ചൂണ്ടിക്കാണിക്കാൻ കഴിയുമോയെന്ന് ഗഡ്കരി വിമർശകരെ വെല്ലുവിളിച്ചു. എഥനോൾ മിശ്രിത ഇന്ധന പദ്ധതിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പലതും അടിസ്ഥാനരഹിതമാണെന്നും ഇത് ഒരു ‘പെയ്ഡ് ക്യാംപെയ്ൻ’ ആണെന്നും അദ്ദേഹം ആരോപിച്ചു.രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനുമാണ് എഥനോൾ മിശ്രിത ഇന്ധന നയം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിന് പഞ്ചസാര ഫാക്ടറികളുണ്ടെന്നത് ശരിയാണെന്ന് സമ്മതിച്ച ഗഡ്കരി, എന്നാൽ ആ സ്ഥാപനങ്ങളൊന്നും നിലനിൽപിനായി എഥനോൾ ഉൽപാദനത്തെ ആശ്രയിക്കുന്നില്ലെന്നും വ്യക്തമാക്കി. എഥനോൾ നയത്തെ പിന്തുണയ്ക്കുന്നത് വ്യക്തിപരമായ താൽപര്യങ്ങൾ കൊണ്ടല്ല, രാജ്യത്തിന്റെ ഊർജസുരക്ഷയും കർഷകരുടെ ക്ഷേമവും മുൻനിർത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
