ഇന്ത്യൻ സൈന്യത്തിനായുള്ള റഷ്യൻ എകെ-203 അസോൾട്ട് റൈഫിളുകളുടെ നിർമാണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെ, ഇവയ്ക്കാവശ്യമായ വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ നിർമിക്കും. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ആണ് എകെ-203 റൈഫിളുകൾക്കായുള്ള വെടിയുണ്ടകൾ നിർമിച്ച് നൽകുന്നത്.ഇതുസംബന്ധിച്ച് അഞ്ചുവർഷത്തെ കരാറിൽ അദാനി ഡിഫൻസും എകെ-203 റൈഫിളുകൾ നിർമിക്കുന്ന ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡും (IRRPL) ഒപ്പുവച്ചു. ഇതോടെ റൈഫിളുകൾക്കും വെടിയുണ്ടകൾക്കുമായി ആഭ്യന്തര ഉൽപാദനശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭം
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലാണ് 2019ൽ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചത്. ഇന്ത്യൻ കരസേനയ്ക്കായി എകെ-203 റൈഫിളുകൾ നിർമിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.ഇന്ത്യൻ കമ്പനികളായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ (AWEIL), മ്യൂണിഷൻസ് ഇന്ത്യ, റഷ്യൻ കമ്പനികളായ കൺസേൺ കലാഷ്നികോവ്, റോസോബോറോൺ എക്സ്പോർട്ട് എന്നിവ ചേർന്നുള്ള സംയുക്ത സംരംഭമാണിത്.
അമേഠിയിൽ റൈഫിൾ നിർമാണം
ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ കോർവയിലാണ് എകെ-203 റൈഫിളുകൾ നിർമിക്കുന്ന ഐആർആർപിഎല്ലിന്റെ ഫാക്ടറി. ഇന്ത്യൻ കരസേനയ്ക്കായി 6.01 ലക്ഷം എകെ-203 റൈഫിളുകൾ നിർമിക്കുന്നതിനുള്ള കരാർ 2021ലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം കമ്പനിക്ക് നൽകിയത്.
പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പരമാവധി പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ചാണ് എകെ-203 റൈഫിളുകളുടെ നിർമാണം നടത്തുന്നത്.
വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ
എകെ-203 റൈഫിളുകൾക്കാവശ്യമായ വെടിയുണ്ടകളുടെ ആഭ്യന്തര ഉൽപാദനം കൂടി ആരംഭിക്കുന്നതോടെ പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കാൺപുരിലാണ് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസിന്റെ വെടിയുണ്ട നിർമാണ കേന്ദ്രം.
റൈഫിളുകളും അവയ്ക്കാവശ്യമായ വെടിയുണ്ടകളും രാജ്യത്ത് തന്നെ നിർമിക്കുന്നതിലൂടെ പ്രതിരോധ ഉൽപാദന രംഗത്തെ ആഭ്യന്തര ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും ഇത് കൂടുതൽ കരുത്ത് പകരും.
