മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 300 കോടി പിന്നിട്ട് ചിത്രം കുതിപ്പ് തുടരുകയാണ്. ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോർഡും ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ.‘ലോക’യുടെ ആഗോള കളക്ഷനായ 302.65 കോടി രൂപ മറികടന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിലവിൽ 305 കോടി രൂപ കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. കളക്ഷൻ കുതിപ്പ് തുടരുന്നതിനാൽ ചിത്രം ഇനിയും ഉയരങ്ങളിലെത്തുമെന്നാണ് വിലയിരുത്തൽ.
24 ദിവസം കൊണ്ട് 300 കോടി
300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന നേട്ടവും, അതേസമയം ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കി.
‘ലോക’ 300 കോടി ക്ലബ്ബിലെത്താൻ 45 ദിവസം എടുത്തപ്പോൾ, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വെറും 24 ദിവസം കൊണ്ടാണ് 300 കോടി പിന്നിട്ടത്. ഇതോടെ മലയാള സിനിമയിലെ ബോക്സ് ഓഫീസ് മത്സരത്തിന് പുതിയ മാനദണ്ഡം തന്നെ ചിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
നിവിൻ–മമിത കൂട്ടുകെട്ടിന് വൻ വിജയം
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഗിരീഷ് എ.ഡി. ആണ് സംവിധാനം ചെയ്തത്. ഇരുവരുടെയും കൂട്ടുകെട്ടിനും ചിത്രത്തിന്റെ വൻ വിജയത്തോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ബോക്സ് ഓഫീസ് വിജയത്തിനൊപ്പം മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടിയ ചിത്രം തമിഴ്, തെലുങ്ക് പതിപ്പുകളിലും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.
300 കോടി ക്ലബ്ബും അതിവേഗ 300 കോടിയെന്ന റെക്കോർഡും സ്വന്തമാക്കിയതോടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്.
