ഐഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഫീച്ചറുകളിൽ ഒന്നാണ് Live Photos. ഫോട്ടോ പകർത്തുന്ന നിമിഷത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള ഏതാനും സെക്കൻഡുകളുടെ ദൃശ്യവും ശബ്ദവും ഇത് റെക്കോർഡ് ചെയ്യുന്നതിനാൽ ഓരോ ചിത്രത്തിനും ജീവൻ നൽകുന്നു. എന്നാൽ, ഇത്തരം ഒന്നിലധികം ലൈവ് ഫോട്ടോകൾ ഒരുമിച്ച് ചേർത്ത് മനോഹരമായ ഒരു വീഡിയോയായി മാറ്റാൻ ഐഫോണിൽ തന്നെ സൗകര്യമുണ്ടെന്ന കാര്യം പലർക്കും അറിയില്ല.ഇതിനായി പ്രത്യേക ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ല. ഐഫോണിലെ Photos ആപ്പ് ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ ഈ പ്രവർത്തി ചെയ്യാം.
എങ്ങനെ വീഡിയോയാക്കാം?
ആദ്യം Photos ആപ്പ് തുറക്കുക. തുടർന്ന് Albums അല്ലെങ്കിൽ Collections വിഭാഗത്തിലേക്ക് പോയി താഴേക്ക് സ്ക്രോൾ ചെയ്ത് Media Types എന്നതിൽ നിന്ന് Live Photos തിരഞ്ഞെടുക്കുക. ഇതോടെ ഫോണിലുള്ള എല്ലാ ലൈവ് ഫോട്ടോകളും ഒരുമിച്ച് കാണാം.ശേഷം മുകളിൽ വലതുവശത്തുള്ള Select ബട്ടൺ അമർത്തി വീഡിയോയാക്കി മാറ്റാൻ ആഗ്രഹിക്കുന്ന ലൈവ് ഫോട്ടോകൾ തിരഞ്ഞെടുക്കുക.
‘Save as Video’ തിരഞ്ഞെടുക്കുക
ഫോട്ടോകൾ തിരഞ്ഞെടുക്കിയ ശേഷം, നിങ്ങളുടെ iOS പതിപ്പിനെ ആശ്രയിച്ച് Three-dot Menu അല്ലെങ്കിൽ Share ബട്ടൺ അമർത്തുക. അവിടെ ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് Save as Video തിരഞ്ഞെടുക്കുക.
പ്രോസസിങ് പൂർത്തിയായാൽ, നിങ്ങൾ തിരഞ്ഞെടുത്ത എല്ലാ ലൈവ് ഫോട്ടോകളും ക്രമത്തിൽ ചേർത്ത് ഒരു പുതിയ വീഡിയോ ഫയൽ സ്വയമേവ സൃഷ്ടിക്കപ്പെടുകയും Photos ആപ്പിൽ സേവ് ചെയ്യപ്പെടുകയും ചെയ്യും.
എവിടെ കാണാം?
തയ്യാറായ വീഡിയോ Videos അല്ലെങ്കിൽ Recents ആൽബത്തിൽ ലഭിക്കും. സാധാരണ വീഡിയോ പോലെ തന്നെ ഇത് എഡിറ്റ് ചെയ്യാനും, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എളുപ്പത്തിൽ പങ്കുവെക്കാനും കഴിയും.യാത്രകളുടെയും ആഘോഷങ്ങളുടെയും കുടുംബസംഗമങ്ങളുടെയും മനോഹര നിമിഷങ്ങൾ ഇനി പ്രത്യേകം വീഡിയോ എടുക്കാതെ തന്നെ Live Photos ഉപയോഗിച്ച് ആകർഷകമായ മിനി വീഡിയോയായി സൂക്ഷിക്കാനും പങ്കുവെക്കാനും ഈ ചെറിയ ഐഫോൺ ട്രിക്ക് സഹായിക്കും.
