ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബിസിനസ്, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സാമൂഹിക വികസനം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ ബിസിനസ് ഫോറം 2026യും ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ (HRF) ഗ്ലോബൽ മീറ്റും ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 14 മുതൽ നവംബർ 15 വരെ നടക്കുന്ന ഈ അന്താരാഷ്ട്ര പരിപാടിയിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 അംഗ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസിലെ ദി കോലേബീ, ഡൂൺസൈഡിൽ ഒക്ടോബർ 14-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ബ്ലാക്ക് ടൗൺ സിറ്റി കൗൺസിൽ മേയർ കൗൺസിലർ ബ്രാഡ് ബണ്ടിങ് ജെ.പി, ഓസ്ട്രേലിയൻ പാർലമെന്റ് അംഗങ്ങൾ, സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, വിദ്യാഭ്യാസ വിദഗ്ധർ, ഐടി മേഖലയിലെ പ്രതിനിധികൾ, സ്റ്റാർട്ടപ്പ് സംരംഭകർ, കർഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ സംരംഭകർ, വ്യവസായികൾ, നിക്ഷേപകർ, വിദ്യാഭ്യാസ വിദഗ്ധർ, ആരോഗ്യ-സാമൂഹിക സേവന മേഖലയിലെ പ്രതിനിധികൾ, കർഷകർ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവരായിരിക്കും അംഗങ്ങൾ. ഒരു മാസം നീളുന്ന പരിപാടിക്കിടെ ബി2ബി ബിസിനസ് മീറ്റിങ്ങുകൾ, നിക്ഷേപ ചർച്ചകൾ, പഠനയാത്രകൾ, സ്ഥാപന സന്ദർശനങ്ങൾ, പരിശീലന പരിപാടികൾ, നെറ്റ്വർക്കിങ് സെഷനുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ഡൽഹി ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ (HRF) പ്രതിനിധികളും ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും. മനുഷ്യാവകാശ സംരക്ഷണം, സാമൂഹിക നീതി, വയോജന ക്ഷേമം, വനിതാ-ശിശു ശാക്തീകരണം, സുസ്ഥിര വികസനം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെമിനാറുകളും സംവാദങ്ങളും നടക്കും.ഓസ്ട്രേലിയയിലെ സീനിയർ കെയർ ലിവിങ് മാതൃകകൾ അടുത്തറിയുന്നതിനായി പ്രതിനിധികൾ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കും. ആധുനിക കാർഷിക സാങ്കേതികവിദ്യ, അഗ്രി-ടെക്, ഫാം മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പരിശീലനവും ഫാം സന്ദർശനവും പരിപാടിയുടെ ഭാഗമാകും. കൂടാതെ വിദ്യാഭ്യാസ സഹകരണം, വിദ്യാർഥി കൈമാറ്റം, ഗവേഷണ പങ്കാളിത്തം, വ്യവസായ-നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും.
ഫോറത്തിന്റെ ഭാഗമായി കേരള ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കേരളത്തിന്റെ തനത് ഭക്ഷണ സംസ്കാരം അന്താരാഷ്ട്ര സമൂഹത്തിന് പരിചയപ്പെടുത്തും. സമാപനത്തിന് ശേഷം കേരളത്തിൽ നിന്നുള്ള പ്രതിനിധികളും ഓസ്ട്രേലിയയിലെ മലയാളി സമൂഹവും പങ്കെടുക്കുന്ന ടി-10 ഫ്രണ്ട്ഷിപ്പ് ക്രിക്കറ്റ് ടൂർണമെന്റും നടക്കും.
ഇന്ത്യ-ഓസ്ട്രേലിയ ബന്ധം ബിസിനസ്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സാമൂഹിക വികസനം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഫോറം നിർണായക വേദിയാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, എറണാകുളത്ത് ആരംഭിക്കാനിരിക്കുന്ന രണ്ട് പ്രീമിയം സീനിയർ കെയർ ലിവിങ് പദ്ധതികൾക്ക് അന്താരാഷ്ട്ര പങ്കാളിത്തവും നിക്ഷേപവും സാങ്കേതിക സഹകരണവും ഉറപ്പാക്കുന്നതിനും ഈ ഫോറം സഹായകമാകുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. ഓസ്ട്രേലിയയിലെ മികച്ച വയോജന പരിചരണ മാതൃകകൾ കേരളത്തിൽ നടപ്പാക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സീനിയർ കെയർ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഈ വേദി വഴിയൊരുക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു
