ഓൺലൈൻ ടാക്സി ആപ്പായ ഒലയിൽ വേഗത്തിൽ വാഹനം ലഭിക്കുന്നതിനായി യാത്രക്കാരോട് മുൻകൂറായി ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന സംവിധാനത്തിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നടപടി. യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഈ രീതി ഉടൻ അവസാനിപ്പിക്കാൻ നിർദേശം നൽകിയ അതോറിറ്റി, ഒലയുടെ മാതൃസ്ഥാപനമായ എഎൻഐ ടെക്നോളജീസിന് 10 ലക്ഷം രൂപ പിഴയും ചുമത്തി.
ആപ്പിൽ വാഹനം തിരയുമ്പോൾ വേഗത്തിൽ റൈഡ് ലഭിക്കാനായി അധിക തുക നൽകാൻ ഒല യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. സാധാരണ നിരക്കിന് പുറമേ ടിപ്പ് നൽകാൻ പ്രേരിപ്പിക്കുന്ന ഈ രീതി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അതോറിറ്റിയുടെ നിലപാട്.
ഉപയോക്താക്കളുടെ താൽപര്യത്തിന് വിരുദ്ധമായി അവരെക്കൊണ്ട് അധിക തുക ചെലവാക്കിക്കുകയോ ചില സേവനങ്ങൾ തിരഞ്ഞെടുക്കാൻ സമ്മർദം ചെലുത്തുകയോ ചെയ്യുന്ന ഇത്തരം ഡിജിറ്റൽ തന്ത്രങ്ങളെയാണ് ‘ഡാർക്ക് പാറ്റേൺ’ എന്ന് വിളിക്കുന്നത്. യാത്രാ ആപ്പുകളിൽ മുൻകൂർ ടിപ്പ് ആവശ്യപ്പെടുന്നതിനു പുറമേ, റദ്ദാക്കാൻ ബുദ്ധിമുട്ടുള്ള സബ്സ്ക്രിപ്ഷനുകൾ എടുപ്പിക്കൽ, മറഞ്ഞിരിക്കുന്ന ചാർജുകൾ എന്നിവയും ഇത്തരം രീതികളിൽ ഉൾപ്പെടുന്നു.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഇത്തരം ഉപഭോക്തൃ വിരുദ്ധ രീതികൾ തടയുന്നതിന്റെ ഭാഗമായാണ് സിസിപിഎയുടെ നടപടി.
