മണ്ണിനടിയിൽ ‘ഉറങ്ങിക്കിടക്കുന്ന’ ടൺ കണക്കിന് സ്വർണം പുറത്തെടുക്കാൻ പുതിയ നീക്കവുമായി ഇന്ത്യ. ഇതുസംബന്ധിച്ച രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയും ഖനന മേഖലയിലേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുകയാണ് ലക്ഷ്യം.കേന്ദ്ര സർക്കാരും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും സംയുക്തമായാകും ചട്ടങ്ങൾ പരിഷ്കരിക്കുക. ഖനന മേഖലകളെക്കുറിച്ചുള്ള വിവരങ്ങളുടെയും സർവേകളുടെയും അഭാവം, വ്യക്തമായ പ്രവർത്തനരൂപരേഖയില്ലായ്മ, ഖനികളുടെ ലേല നടപടികളിലെ പോരായ്മകൾ, രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ തുടങ്ങിയവ ഇതുവരെ നിക്ഷേപകരെ ഈ മേഖലയിലേക്ക് കടന്നുവരുന്നതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇത്തരം തടസ്സങ്ങൾ പരിഹരിച്ച് ഖനന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലായി ഭൂമിക്കടിയിൽ ശരാശരി 600 ടൺ സ്വർണം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 44–45 ശതമാനവും ബിഹാറിലാണ്. രാജസ്ഥാനിൽ 25 ശതമാനവും കർണാടകയിൽ 21 ശതമാനവും സ്വർണനിക്ഷേപമുണ്ടെന്നാണ് വിലയിരുത്തൽ. പശ്ചിമ ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.പ്രതിവർഷം ശരാശരി 800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സമീപകാലത്ത് സ്വർണവില കുതിച്ചുയർന്നതും ഇറക്കുമതി ഉയർന്ന നിലയിൽ തുടർന്നതും രാജ്യത്തിന്റെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർധിക്കാൻ ഇടയാക്കിയിരുന്നു. ഇത് രൂപയുടെ മൂല്യത്തകർച്ചയ്ക്കും കാരണമായി. ആഭ്യന്തര സ്വർണ ഉൽപാദനം വർധിപ്പിച്ചാൽ ഇറക്കുമതി ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള മറ്റ് നടപടികളും കേന്ദ്രം പരിഗണിക്കുന്നുണ്ട്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ നേരത്തേ 15 ശതമാനമായി ഉയർത്തിയിരുന്നു. അനിവാര്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. വീടുകളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന സ്വർണം വിപണിയിലെത്തിക്കുന്നതിനായി ‘സ്വർണം പണമാക്കൽ’ പദ്ധതി വീണ്ടും ഊർജിതമാക്കാനും സാധ്യതയുണ്ട്.അതേസമയം, നടപ്പുവർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 40 ശതമാനം കുറഞ്ഞിട്ടുണ്ട്.
