ഇന്ത്യൻ ആശുപത്രികളിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ചികിത്സാച്ചെലവ് കുതിക്കുന്നതായി ആരോപണം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ സ്വകാര്യ ആശുപത്രികളിലേക്ക് ഏകദേശം 1,000 കോടി ഡോളർ (96,000 കോടി രൂപ) വിദേശ നിക്ഷേപം എത്തിയതായി റിപ്പോർട്ട്. ബ്ലാക്ക്സ്റ്റോൺ, കെകെആർ, ടിപിജി, ജനറൽ അറ്റ്ലാന്റിക് തുടങ്ങിയ ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് ഇന്ത്യൻ ആരോഗ്യരംഗത്ത് വൻതോതിൽ പണം മുടക്കിയത്.വിദേശ നിക്ഷേപത്തോടെ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും എത്തിയെങ്കിലും ചികിത്സാച്ചെലവ് ഉയരുന്നതിനെക്കുറിച്ച് ആശങ്കയും ശക്തമാകുന്നു. ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഉയർന്ന വരുമാനം ലഭിക്കുന്ന ചികിത്സാ മേഖലകളിലാണ് വൻകിട കോർപ്പറേറ്റ് ആശുപത്രികളുടെ സാന്നിധ്യം കൂടുതലായിരിക്കുന്നത്.

ചെറുകിട ആശുപത്രികൾക്ക് തിരിച്ചടി?

വിദേശ മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്ക് ഇടത്തരം ആശുപത്രികളെ വലിയ ഗ്രൂപ്പുകൾ ഏറ്റെടുക്കുന്നതിന് വഴിയൊരുക്കുന്നുവെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്. ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപ നയം പുനഃപരിശോധിക്കണമെന്നും ചികിത്സാ നിരക്കിൽ നിയന്ത്രണം കൊണ്ടുവരണമെന്നും ഒരു പാർലമെന്ററി സമിതി ശുപാർശ ചെയ്തിരുന്നു.

ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും നേർക്കുനേർ

വൻകിട ആശുപത്രികൾ ചികിത്സാ ബില്ലുകൾ ഉയർത്തുന്നതായും രോഗികൾക്ക് ആവശ്യമായതിലധികം ചെലവേറിയ ചികിത്സകൾ നിർദേശിക്കുന്നതായും ഇൻഷുറൻസ് കമ്പനികൾ ആരോപിക്കുന്നു.
അതേസമയം, ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക അനുവദിക്കുന്നതിൽ കാലതാമസം വരുത്തുന്നതും ആവശ്യമായ തുക പൂർണമായി നൽകാത്തതുമാണ് ആശുപത്രികളുടെ വാദം. ഇതോടെ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കം രോഗികളെയും ബാധിക്കുന്ന സാഹചര്യമാണുള്ളത്.

ഇന്ത്യയിൽ ആശുപത്രി കിടക്കകളും കുറവ്

ഇന്ത്യയിൽ 1,000 പേർക്ക് ശരാശരി 1.3 ആശുപത്രി കിടക്കകൾ മാത്രമാണ് ലഭ്യമാകുന്നത്. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനൊപ്പം വിദഗ്ധ ചികിത്സയ്ക്കുള്ള ആവശ്യവും ഉയരുകയാണ്.
ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് വൻതോതിലുള്ള പുതിയ നിക്ഷേപം ആവശ്യമാണെന്നാണ് വിലയിരുത്തൽ. ഇതാണ് വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ ആരോഗ്യരംഗത്തെ ആകർഷകമാക്കുന്നത്.

കേരളത്തിലും വിദേശ നിക്ഷേപം

കേരളത്തിലെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയലിൽ 2024 ജൂലൈയിൽ കെകെആർ നിക്ഷേപം നടത്തിയിരുന്നു. ഏറ്റെടുക്കലുകളിലൂടെയും വികസനത്തിലൂടെയും ആശുപത്രി ശൃംഖല വിപുലീകരിക്കുകയാണ്.
ഇതിന് പുറമെ സ്വീഡിഷ് ഗ്രൂപ്പായ മെഡിക്കോവറിന്റെ ഇന്ത്യൻ ആശുപത്രി ബിസിനസിലും കെകെആർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലെ ആശുപത്രി ശൃംഖലയിൽ വൻതോതിലുള്ള വിപുലീകരണമാണ് ലക്ഷ്യമിടുന്നത്.

ഒടുവിൽ ബാധിക്കുന്നത് രോഗിയുടെ കീശ

ഇന്ത്യയിലെ ചികിത്സാച്ചെലവ് പ്രതിവർഷം ഏകദേശം 13 ശതമാനം വരെ ഉയരുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാർ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് പലപ്പോഴും പലമടങ്ങ് കൂടുതലാണ്.ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും മുഴുവൻ ചികിത്സാച്ചെലവും ലഭിക്കാത്ത സാഹചര്യങ്ങൾ രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ചികിത്സാച്ചെലവ് ഇനിയും ഉയർന്നാൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഇടത്തരക്കാരായിരിക്കും ഏറ്റവും കൂടുതൽ സമ്മർദത്തിലാകുക എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *