പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയുടെ പുതിയ വ്യാപാരപാത; ഇറാനിൽ വൻ നീക്കം

മധ്യേഷ്യയിലേക്കും റഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങൾക്ക് പുതിയ സാധ്യത തുറന്ന് ഇറാനിൽ ചബഹാർ–സഹെദാൻ റെയിൽപാത പദ്ധതി. ഇന്ത്യയുടെ നിക്ഷേപ പിന്തുണയുള്ള ചബഹാർ തുറമുഖത്തെ ഇറാനിലെ സഹെദാനുമായി ബന്ധിപ്പിക്കുന്ന ഏകദേശം 730 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത യാഥാർഥ്യമായതായി ഇറാൻ അറിയിച്ചു.റെയിൽപാത പ്രവർത്തനക്ഷമമാകുന്നതോടെ ചബഹാർ തുറമുഖം വഴി അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് പുതിയ ബദൽ പാത ലഭിക്കും. ഇതിലൂടെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യൻ വിപണികളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാനുള്ള സാധ്യതയും വർധിക്കും.

പാക്കിസ്ഥാന്റെ തുറമുഖങ്ങൾക്ക് ബദൽ

അഫ്ഗാനിസ്ഥാനും അഫ്ഗാൻ വഴി മധ്യേഷ്യൻ രാജ്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിനായി പ്രധാനമായും പാക്കിസ്ഥാനിലെ കറാച്ചി, പോർട്ട് ഖാസിം, ഗ്വാദർ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അഫ്ഗാൻ–പാക്കിസ്ഥാൻ ബന്ധത്തിലെ സംഘർഷങ്ങളും അതിർത്തി നിയന്ത്രണങ്ങളും വ്യാപാരപാതകളെ ബാധിച്ച സാഹചര്യത്തിൽ ബദൽ മാർഗങ്ങളുടെ ആവശ്യകത വർധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ചബഹാർ തുറമുഖവും പുതിയ റെയിൽപാതയും അഫ്ഗാനിസ്ഥാനും മധ്യേഷ്യൻ രാജ്യങ്ങൾക്കും പ്രാധാന്യമുള്ള ബദൽ വ്യാപാരപാതയായി മാറിയേക്കാം. പാക്കിസ്ഥാൻ വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിച്ചേക്കും.
വർഷങ്ങളായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ചബഹാർ–സഹെദാൻ റെയിൽ ലിങ്ക് യാഥാർഥ്യമായത്. 33 സ്റ്റേഷനുകൾ, 39 തുരങ്കങ്ങൾ, 201 പാലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. മൂന്ന് മുതൽ നാല് മാസത്തിനകം റെയിൽപാത പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഇറാൻ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ചബഹാറിൽ ഇന്ത്യയുടെ നിക്ഷേപം

ചബഹാർ തുറമുഖത്തിലെ ഷഹീദ് ബെഹെസ്തി ടെർമിനലിന്റെ വികസനത്തിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കുണ്ട്. ടെർമിനലിനായി ഇന്ത്യ 120 മില്യൺ ഡോളർ നിക്ഷേപിക്കുകയും 250 മില്യൺ ഡോളർ വായ്പാ സഹായം നൽകുകയും ചെയ്തിട്ടുണ്ട്.കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (IPGL) ടെർമിനലിന്റെ നിയന്ത്രണം. 2024ൽ ഒപ്പുവച്ച കരാർ പ്രകാരം 10 വർഷത്തേക്കാണ് നിയന്ത്രണം ലഭിച്ചിരിക്കുന്നത്.

യുഎസ് ഉപരോധം വെല്ലുവിളി

അതേസമയം, ഇറാൻ–യുഎസ് സംഘർഷവും ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസ് ഉപരോധവും പദ്ധതിയുടെ പ്രവർത്തനത്തിൽ വെല്ലുവിളിയായി തുടരുന്നു. ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ടെർമിനലിന്റെ നിയന്ത്രണം താൽക്കാലികമായി ഇറാനിയൻ കമ്പനികൾക്ക് കൈമാറുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.ചബഹാർ തുറമുഖവും ചബഹാർ–സഹെദാൻ റെയിൽപാതയും പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ മധ്യേഷ്യൻ വ്യാപാരബന്ധങ്ങൾക്കും അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്ക് നീക്കത്തിനും പുതിയ സാധ്യതകൾ തുറക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *