സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ (എൽപിജി) ലഭിക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. ഒക്ടോബർ ഒന്നു മുതൽ സബ്സിഡി സിലിണ്ടർ ലഭിക്കാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിരിക്കണം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.സർക്കാർ നൽകുന്ന സബ്സിഡി അർഹരായ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സബ്സിഡി സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനൊപ്പം അർഹതയില്ലാത്ത ഉപഭോക്താക്കളെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 27.43 കോടി ഉപഭോക്താക്കൾക്കാണ് സബ്സിഡി നിരക്കിൽ എൽപിജി സിലിണ്ടർ ലഭിക്കുന്നത്. ഇതിൽ 89.9 ശതമാനം പേരും ഇതിനകം ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. പരിശോധന പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം.ബയോമെട്രിക് പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഒക്ടോബർ ഒന്നു മുതൽ സബ്സിഡി നിരക്കിൽ സിലിണ്ടർ ലഭിക്കൂ. ഇതിനകം പരിശോധന പൂർത്തിയാക്കിയവർക്ക് പതിവുപോലെ സിലിണ്ടർ ബുക്ക് ചെയ്യാം.
ബയോമെട്രിക് പരിശോധന എങ്ങനെ പൂർത്തിയാക്കാം?
ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന മൂന്ന് രീതിയിൽ പൂർത്തിയാക്കാമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
• സിലിണ്ടർ ഡെലിവറി സമയത്ത്: ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡെലിവറി ഏജന്റിന് പരിശോധന പൂർത്തിയാക്കാം.
• വിതരണക്കാരുടെ ഓഫീസിൽ: സിലിണ്ടർ വിതരണക്കാരുടെ ഓഫീസിൽ നേരിട്ടെത്തിയും പരിശോധന നടത്താം.
• വീട്ടിലിരുന്ന്: ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താവിന് സ്വയം പരിശോധന പൂർത്തിയാക്കാം.
ഏത് ആപ്പ് ഉപയോഗിക്കണം?
എണ്ണക്കമ്പനി അനുസരിച്ച് ബയോമെട്രിക് പരിശോധനയ്ക്ക് വ്യത്യസ്ത ഔദ്യോഗിക ആപ്പുകളാണ് ഉപയോഗിക്കേണ്ടത്.
• ഇൻഡേൻ: IndianOil ONE
• ഭാരത് ഗ്യാസ്: Hello BPCL
• ഹിന്ദുസ്ഥാൻ പെട്രോളിയം (HP): HP Pay
ബയോമെട്രിക് പരിശോധന സംബന്ധിച്ച വീഡിയോ ട്യൂട്ടോറിയൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിലും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുമോ?
ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്കും സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ പരിശോധന പൂർത്തിയാക്കാത്ത പക്ഷം സബ്സിഡി ലഭിക്കില്ല എന്നതാണ് പ്രധാന മാറ്റം. അതിനാൽ സബ്സിഡി ലഭിക്കാൻ അർഹരായ ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിന് മുമ്പ് തന്നെ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കുന്നത് ശ്രദ്ധിക്കണം.
