ലുലു ഗ്രൂപ്പിന്റെ വൻ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. ദുബായിൽ നടന്ന വാർഷിക നിക്ഷേപ സംഗമത്തിനിടെ എം.എ. യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷണം നൽകിയത്.
മധ്യപ്രദേശിലെ ഭക്ഷ്യസംസ്കരണം, റീട്ടെയിൽ മേഖലകളിൽ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനമായ ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികൾക്ക് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2,000 കോടി രൂപയുടെ നിക്ഷേപം
മധ്യപ്രദേശിൽ ഷോപ്പിങ് മാൾ, ലുലു ഹൈപ്പർമാർക്കറ്റ്, ഭക്ഷ്യസംസ്കരണ കേന്ദ്രം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ഏകദേശം 2,000 കോടി രൂപ നിക്ഷേപിക്കാൻ തയ്യാറാണെന്ന് എം.എ. യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.അടുത്ത വർഷം ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന മധ്യപ്രദേശ് ഇൻവെസ്റ്റേഴ്സ് സമ്മിറ്റിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി യൂസഫലിയെ ക്ഷണിക്കുകയും ചെയ്തു.പദ്ധതികളുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (COO) എ.വി. ആനന്ദ് റാമിന്റെ നേതൃത്വത്തിലുള്ള സംഘം മധ്യപ്രദേശ് സന്ദർശിക്കുമെന്നും യൂസഫലി അറിയിച്ചു.
നിക്ഷേപകർക്ക് പൂർണ പിന്തുണ
മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയ വ്യവസായ നയം നിക്ഷേപകർക്ക് മികച്ച പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.റീട്ടെയിൽ രംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ നിക്ഷേപം മധ്യപ്രദേശിന്റെ വാണിജ്യ, ഭക്ഷ്യസംസ്കരണ മേഖലകൾക്ക് കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.കൂടിക്കാഴ്ചയിൽ മധ്യപ്രദേശ് ഭക്ഷ്യസംസ്കരണ സെക്രട്ടറി ജോൺ കിങ്സ്ലി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിഷ്ണു വർധൻ റെഡ്ഡി, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എന്നിവരും പങ്കെടുത്തു.
