കേരളത്തിൽ ഇലക്ട്രിക് കാറുകൾ ടാക്സിയായി ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് (MVD). ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എംവിഡി വ്യക്തമാക്കി.കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളായ CMVR, KMVR എന്നിവയിൽ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ബന്ധപ്പെട്ട ആർടിഒ വഴി ടാക്സിയായി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
എന്തൊക്കെയാണ് നിർബന്ധം?
ഇലക്ട്രിക് വാഹനമോ മറ്റ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനമോ ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് മോട്ടോർ വാഹന നിയമപ്രകാരം ചില സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കണം.
• CMVR 118 പ്രകാരം പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി നിയന്ത്രിക്കുന്ന, AIS-018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.
• CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS-140 മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (VLTD) നിർബന്ധമാണ്.
• ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം.
ഈ സാങ്കേതിക സജ്ജീകരണങ്ങളും ആവശ്യമായ നിയമനടപടികളും പൂർത്തിയാക്കി അപേക്ഷിച്ചാൽ, ഇലക്ട്രിക് വാഹനം ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് തടസ്സമില്ലെന്നാണ് വിശദീകരണം.
പ്രത്യേക നിരോധനമില്ല
ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നതിന് പ്രത്യേക നിരോധനമോ മറ്റ് നിയമതടസ്സങ്ങളോ നിലവിലില്ലെന്നും എംവിഡി വ്യക്തമാക്കി. മാത്രമല്ല, നിലവിലെ വ്യവസ്ഥകൾ പ്രകാരം പെർമിറ്റ് ആവശ്യമില്ലെന്ന ആനുകൂല്യവും ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
വ്യക്തിഗത വാഹനം ടാക്സിയാക്കാമോ?
വാഹന നിർമ്മാതാക്കൾ ചില മോഡലുകൾ വ്യക്തിഗത ഉപയോഗത്തിനായും (Personal Vehicle), ചിലത് കമേഴ്സ്യൽ അല്ലെങ്കിൽ ഫ്ലീറ്റ് ഉപയോഗത്തിനായുമാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ വ്യക്തിഗത ആവശ്യത്തിനായി വാങ്ങിയ വാഹനം പിന്നീട് ടാക്സിയായി മാറ്റുന്നതിന് (NTV to TV) മോട്ടോർ വാഹന വകുപ്പ് വിലക്കേർപ്പെടുത്തിയിട്ടില്ല.അതേസമയം, വ്യക്തിഗത വാഹനങ്ങളെ കമേഴ്സ്യൽ ഉപയോഗത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചില വാഹന നിർമാതാക്കൾക്ക് സ്വന്തം നയങ്ങൾ ഉണ്ടായേക്കാം. പ്രത്യേകിച്ച് വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ കമ്പനികൾക്ക് ചില നിബന്ധനകൾ ബാധകമാക്കാൻ സാധിക്കും.
അതിനാൽ, നിയമാനുസൃതമായ സ്പീഡ് ഗവേണറും അംഗീകൃത ട്രാക്കിങ് ഡിവൈസും ഉൾപ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കി നിയമനടപടികൾ പാലിക്കുന്ന ഏത് യോഗ്യമായ വാഹനത്തിനും കേരളത്തിൽ ടാക്സിയായി രജിസ്റ്റർ ചെയ്യാൻ സാധിക്കും എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.
