സോളർ വൈദ്യുതി ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വൻ പദ്ധതിയുമായി ഡൽഹി സർക്കാർ. 2027 മാർച്ചിനകം സംസ്ഥാനത്തെ 2.3 ലക്ഷം വീടുകളിൽ സൗജന്യമായി സോളർ പാനലുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിലൂടെ ഏകദേശം 500 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയുടെ ഭാഗമായാണ് സോളർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കുന്നത്.
78,000 രൂപ വരെ സബ്സിഡി
പിഎം സൂര്യ ഘർ പദ്ധതിയിൽ മൂന്ന് വിഭാഗങ്ങളിലായാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്.
• 1 കിലോവാട്ട് സോളർ സിസ്റ്റത്തിന് 30,000 രൂപ വരെ
• 2 കിലോവാട്ടിന് 60,000 രൂപ വരെ
• 3 കിലോവാട്ടിന് പരമാവധി 78,000 രൂപ വരെ
പദ്ധതിയിൽ ചേരുന്നതിനും സബ്സിഡി നേടുന്നതിനുമുള്ള സമയപരിധി 2027 മാർച്ച് 31 വരെയാണെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ പദ്ധതി വ്യാപിപ്പിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ
പിഎം സൂര്യ ഘർ പദ്ധതിയുടെ ഡൽഹിയിലെ വ്യാപനം പ്രതീക്ഷിച്ച തോതിൽ നടക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ കുടുംബങ്ങളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ സംസ്ഥാന സർക്കാർ സൗജന്യ സോളർ പാനൽ പദ്ധതി പ്രഖ്യാപിച്ചത്.2027 മാർച്ചിനകം 2.3 ലക്ഷം വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഇതുവഴി മാത്രം 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
3 കിലോവാട്ട് വരെ ശേഷിയുള്ള സോളർ സിസ്റ്റങ്ങൾ അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
ഇൻസെന്റീവ് ഇനി മുൻകൂറായി
പിഎം സൂര്യ ഘർ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ഇൻസെന്റീവ് വിതരണത്തിലും ഡൽഹി സർക്കാർ മാറ്റം വരുത്തും. നിലവിൽ അഞ്ച് വർഷംകൊണ്ടാണ് ഇൻസെന്റീവ് ലഭിക്കുന്നതെങ്കിൽ, ഇനി സോളർ പാനൽ സ്ഥാപിക്കുന്ന സമയത്തുതന്നെ മുൻകൂറായി ഇൻസെന്റീവ് നൽകാനാണ് തീരുമാനം.
ഇതിനുപുറമെ, സോളർ പാനലുകൾ സ്ഥാപിക്കുന്ന കുടുംബങ്ങൾക്ക് അഞ്ച് വർഷത്തെ സൗജന്യ മെയിന്റനൻസ് ഗ്യാരന്റിയും നൽകും. ബന്ധപ്പെട്ട വെൻഡർമാർക്കായിരിക്കും പരിപാലനത്തിന്റെ ഉത്തരവാദിത്വം.
നിബന്ധനകൾക്ക് വിധേയമായി വീടുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനുള്ള അപേക്ഷാ ചാർജുകൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളം മുന്നിൽ
അതേസമയം, പിഎം സൂര്യ ഘർ പദ്ധതിയുടെ നടത്തിപ്പിൽ കേരളം ഡൽഹിയേക്കാൾ ഏറെ മുന്നിലാണ്. കേരളത്തിൽ ഇതുവരെ 3.43 ലക്ഷം വീടുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള സ്ഥാപിത സോളർ ഉൽപാദനശേഷി 1,304 മെഗാവാട്ടാണ്. പദ്ധതിയിലൂടെ കേരളത്തിലെ കുടുംബങ്ങൾ ഏകദേശം 2,250 കോടി രൂപയുടെ സബ്സിഡി നേടിയിട്ടുണ്ട്.
ഡൽഹിയിൽ ഇതുവരെ 17,570 കുടുംബങ്ങൾ മാത്രമാണ് പദ്ധതിയിൽ ചേർന്നത്. ആകെ സ്ഥാപിത ശേഷി 53 മെഗാവാട്ടും ലഭിച്ച സബ്സിഡി ഏകദേശം 81 കോടി രൂപയുമാണ്.
അധിക വൈദ്യുതി വിറ്റും വരുമാനം
സോളർ പാനലുകൾ വഴി വീടുകളിൽ ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിച്ചാൽ അത് വൈദ്യുതി വിതരണ സംവിധാനത്തിലേക്ക് കൈമാറി സാമ്പത്തിക നേട്ടം നേടാനും സാധിക്കും.പിഎം സൂര്യ ഘർ പദ്ധതിയിൽ ലഭിക്കുന്ന കേന്ദ്ര സബ്സിഡി തുകയിൽ മാറ്റമില്ലാതെയാണ് ഡൽഹി സർക്കാർ അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2027 മാർച്ചിനകം ലക്ഷ്യമിട്ട വീടുകളിൽ സോളർ പാനലുകൾ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
