പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപകനും ചെയർമാനുമായ വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരി വിപണിയിലേക്ക്. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സെപ്റ്റംബർ 10ന് ആരംഭിച്ച് സെപ്റ്റംബർ 15ന് അവസാനിക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച മൂന്നാമത്തെ കമ്പനിയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. വീ-ഗാർഡ് ഇൻഡസ്ട്രീസും വണ്ടർലയും നേരത്തെ വിപണിയിലെത്തിയ അദ്ദേഹത്തിന്റെ മറ്റ് രണ്ട് കമ്പനികളാണ്.കേരളത്തിൽ നിന്നുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ആദ്യമായി ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തുന്നു എന്ന പ്രത്യേകതയും വീഗാലാൻഡ് ഡവലപ്പേഴ്സിനുണ്ട്.
₹210 കോടി സമാഹരിക്കും
വീഗാലാൻഡ് ഡവലപ്പേഴ്സ് ഐപിഒയുടെ പ്രൈസ് ബാൻഡ് ഓഹരിക്ക് ₹130 മുതൽ ₹140 വരെയാണ്. ഇതനുസരിച്ച് കമ്പനിയുടെ ഏകദേശ വിപണിമൂല്യം ₹682.5 കോടിയാകും.ഐപിഒയിലൂടെ ₹210 കോടി സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ ആരംഭിക്കുന്നതിനുമാണ് സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുക.ഐപിഒയിലെ ഓഹരികളുടെ 50 ശതമാനം യോഗ്യരായ സ്ഥാപന നിക്ഷേപകർക്കും (QIB) 35 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കും നീക്കിവച്ചിട്ടുണ്ട്. ശേഷിക്കുന്ന 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും (NII) ലഭിക്കും.
കുറഞ്ഞത് 107 ഓഹരികൾ
ഐപിഒയിൽ കുറഞ്ഞത് 107 ഓഹരികൾക്കാണ് അപേക്ഷിക്കാനാകുക. തുടർന്ന് 107ന്റെ ഗുണിതങ്ങളായി കൂടുതൽ ഓഹരികൾക്കായും അപേക്ഷിക്കാം.അർഹരായ നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടുകളിലേക്ക് സെപ്റ്റംബർ 17ന് ഓഹരികൾ ക്രെഡിറ്റ് ചെയ്യും. ഓഹരികൾ ലഭിക്കാത്ത നിക്ഷേപകർക്ക് റീഫണ്ടും അതേ ദിവസം തന്നെ നൽകും.സെപ്റ്റംബർ 18ന് വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.
ഗ്രേ മാർക്കറ്റിലും ആവേശം
ഐപിഒയ്ക്ക് മുമ്പ് അനൗദ്യോഗിക വിപണിയായ ഗ്രേ മാർക്കറ്റിലും വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരികൾക്ക് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. നിലവിൽ ₹14 വരെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) രേഖപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.ഇത് തുടർന്നാൽ, ₹140 എന്ന ഉയർന്ന ഐപിഒ വിലയ്ക്കൊപ്പം കണക്കാക്കുമ്പോൾ ലിസ്റ്റിങ് വില ഏകദേശം ₹154 വരെ എത്താനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ നിക്ഷേപകർക്ക് ലിസ്റ്റിങ് നേട്ടം ലഭിച്ചേക്കുമെന്നാണ് വിപണി വിലയിരുത്തൽ.എന്നാൽ, GMP ഔദ്യോഗിക വിപണി സൂചികയല്ല. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഇത് വേഗത്തിൽ മാറാനിടയുള്ളതിനാൽ ലിസ്റ്റിങ് വില ഉറപ്പായി പ്രവചിക്കാൻ കഴിയില്ല.
ഫ്രഷ് ഇഷ്യൂ മാത്രം
വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ ഐപിഒയുടെ മറ്റൊരു പ്രത്യേകത ഫ്രഷ് ഇഷ്യൂ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. നിലവിലെ ഓഹരി ഉടമകൾ അവരുടെ ഓഹരികൾ വിൽക്കുന്ന ഓഫർ ഫോർ സെയിൽ (OFS) ഐപിഒയിൽ ഇല്ല.അതായത്, ഐപിഒയിലൂടെ സമാഹരിക്കുന്ന ₹210 കോടി മുഴുവനായും കമ്പനിക്കാണ് ലഭിക്കുക. നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും പുതിയ പദ്ധതികളിലേക്ക് നിക്ഷേപിക്കുന്നതിനും ഈ തുക ഉപയോഗിക്കാനാകും.

