Food Business Loan | PMFME Scheme:
ഭക്ഷ്യസംസ്കരണ മേഖലയിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരം. ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്ന പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (PMFME) പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര സർക്കാർ നീക്കം.നിലവിലെ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ഇത് പരിഷ്കരിച്ച് അഞ്ച് വർഷത്തേക്ക് കൂടി തുടരണമെന്ന ശുപാർശ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയം മുന്നോട്ടുവച്ചത്.
10 ലക്ഷം രൂപ വരെ സഹായം
പുതിയ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നവർക്കും നിലവിലുള്ള സംരംഭങ്ങൾ നവീകരിക്കുന്നവർക്കും പദ്ധതി വഴി സാമ്പത്തിക സഹായം ലഭിക്കും. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ വരെ വായ്പാ സഹായം ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുകിട സംരംഭകർക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
60 ശതമാനം ചെലവ് കേന്ദ്രം വഹിക്കും
PMFME പദ്ധതിയുടെ ആകെ ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
2020–21 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ആദ്യം 2025 വരെയായിരുന്നു കാലാവധി. പദ്ധതിക്കായി 10,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പിന്നീട് പദ്ധതി 2026 സെപ്റ്റംബർ വരെ നീട്ടുകയായിരുന്നു.
വനിതകൾക്കും മലയോര മേഖലയിലുള്ളവർക്കും മുൻഗണന
പദ്ധതിയിൽ ചില വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. വനിതകൾക്കും മലയോര മേഖലകളിൽ താമസിക്കുന്നവർക്കും മുൻഗണന നൽകുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.കേരളത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്കും PMFME പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും അവസരമൊരുങ്ങുന്നു.
രണ്ട് ലക്ഷം യൂണിറ്റുകൾക്ക് ഇതിനകം ആനുകൂല്യം
രാജ്യത്ത് ഇതുവരെ ഏകദേശം രണ്ട് ലക്ഷം ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചതായാണ് വിവരം.ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംസ്കരണം, പാക്കേജിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭകർക്ക് പദ്ധതി പ്രയോജനപ്പെടുത്താം.പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ ഭക്ഷ്യസംസ്കരണ മേഖലയിൽ കൂടുതൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
