ഇഎംഐ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് നിഷ്ക്രിയമാക്കുന്നതിൽ നിന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് മുടങ്ങുമ്പോൾ റിക്കവറി നടപടിയുടെ ഭാഗമായി ഉപഭോക്താവിന്റെ ഫോൺ ബ്ലോക്ക് ചെയ്യുന്ന രീതി ഇനി അനുവദിക്കില്ല. പുതിയ മാർഗനിർദേശങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, വായ്പയെടുത്ത് മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പരിമിതമായ ഇളവ് അനുവദിക്കുക. റിക്കവറി ഏജന്റുമാരുടെ പീഡനം, സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണി, മോശം ഭാഷയിലെ ആശയവിനിമയം തുടങ്ങി നിരവധി ഉപഭോക്തൃ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ കർശന നടപടി.
ഉപകരണങ്ങൾ ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യരുത്
വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങിയ കേസുകളിൽ ഫോൺ ഉൾപ്പെടെയുള്ള ഡിവൈസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അനുമതിയുണ്ടെങ്കിലും, അത് പെട്ടെന്നോ പൂർണമായോ നിഷ്ക്രിയമാക്കാൻ പാടില്ലെന്ന് ആർബിഐ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ മാത്രമേ ഏർപ്പെടുത്താവൂ.ഉപഭോക്താവിന്റെ അടിസ്ഥാന ആവശ്യങ്ങളെ ഒരു കാരണവശാലും ബാധിക്കരുതെന്നും നിർദേശമുണ്ട്. ഇൻകമിങ് കോളുകൾ, എസ്എംഎസ്, അടിയന്തര സഹായ സേവനങ്ങൾ എന്നിവ വായ്പ തിരിച്ചടവ് മുടങ്ങിയാലും ലഭ്യമാകണം. ആശയവിനിമയം പൂർണമായും വിച്ഛേദിക്കുന്ന തരത്തിലുള്ള ഡിവൈസ് ബ്ലോക്കിങ് അനുവദനീയമല്ല.
കുടിശ്ശിക അടച്ചാൽ ഒരു മണിക്കൂറിനുള്ളിൽ സേവനം പുനഃസ്ഥാപിക്കണം
തങ്ങളുടെ ഉപകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ നിലവാരം ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും സ്വയം പരിശോധിക്കാൻ സാധിക്കണം. കുടിശ്ശിക തുക പൂർണമായി അടച്ചുതീർത്താൽ ഒരു മണിക്കൂറിനുള്ളിൽ ഡിവൈസിന്റെ പ്രവർത്തനം പൂർണമായി പുനഃസ്ഥാപിക്കണമെന്നും ആർബിഐ നിർദേശിച്ചു.ബാങ്കിന്റെ വീഴ്ച മൂലം സേവനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. എന്നാൽ, നഷ്ടപരിഹാര തുകയ്ക്ക് വായ്പാ തുകയ്ക്ക് തുല്യമായ പരമാവധി പരിധി ബാധകമായിരിക്കും.
സ്വകാര്യ വിവരങ്ങളിൽ ഇടപെടാൻ കർശന വിലക്ക്
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളായ കോൺടാക്റ്റുകൾ, ഫോട്ടോകൾ, സന്ദേശങ്ങൾ, കോൾ ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ ആക്സസ് ചെയ്യുന്നതിൽ നിന്ന് ബാങ്കുകളെയും മൂന്നാംകക്ഷി സാങ്കേതിക സേവനദാതാക്കളെയും ആർബിഐ ശക്തമായി വിലക്കി.റിക്കവറി ഏജൻസികൾക്ക് വായ്പയെടുത്ത വ്യക്തിയുടെയോ ജാമ്യക്കാരന്റെയോ വിവരങ്ങൾ കൈമാറുമ്പോഴും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റിക്കവറി നടപടികൾക്ക് ആവശ്യമായ വിവരങ്ങൾ മാത്രമേ പങ്കുവെക്കാവൂ. സ്വകാര്യത ലംഘിക്കുന്ന രീതിയിലോ അനാവശ്യമായി വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുന്ന രീതിയിലോ റിക്കവറി ഏജൻസികൾ പ്രവർത്തിക്കാൻ പാടില്ല.
അംഗീകൃത സാങ്കേതികവിദ്യ മാത്രം ഉപയോഗിക്കണം
2026 മേയിൽ ആർബിഐ ഇതുസംബന്ധിച്ച കരട് നിർദേശം പുറത്തിറക്കിയിരുന്നു. പൊതുജനങ്ങളിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് അന്തിമ മാർഗരേഖ തയ്യാറാക്കിയത്.വിശ്വസനീയമല്ലാത്തതോ അംഗീകാരമില്ലാത്തതോ ആയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സ്മാർട്ഫോണുകൾ ലോക്ക് ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന ആശങ്കയും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ബാങ്കുകളോ റിക്കവറി ഏജൻസികളോ ഉപയോഗിക്കുന്ന ഡിവൈസ്-ലോക്കിങ് സാങ്കേതികവിദ്യകൾ ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ (ഒഇഎം) അല്ലെങ്കിൽ ഓപ്പറേറ്റിങ് സിസ്റ്റം പ്ലാറ്റ്ഫോമിന്റെ സർട്ടിഫിക്കേഷനും സുരക്ഷാ പരിശോധനയും നേടിയിരിക്കണമെന്ന് ആർബിഐ നിർബന്ധമാക്കി.
ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം
അടുത്ത കാലത്തായി വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ ഉപഭോക്താക്കളുടെ വ്യക്തിഗത ഉപകരണങ്ങൾ റിമോട്ട് ആയി പൂട്ടിയിടുകയും, അടിയന്തര ആവശ്യങ്ങൾക്ക് പോലും അവ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരം നടപടികൾ വ്യക്തികളുടെ സ്വകാര്യതയെയും ആശയവിനിമയ സ്വാതന്ത്ര്യത്തെയും ജീവിതസുരക്ഷയെയും ബാധിക്കുന്നുവെന്ന വിമർശനം ശക്തമായിരുന്നു.ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ അനാവശ്യമായ ഭീഷണികൾക്കും അമിതമായ റിക്കവറി നടപടികൾക്കും തടയിടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഉപഭോക്തൃ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിൽ പുതിയ മാർഗനിർദേശങ്ങൾ നിർണായകമാകുമെന്നാണ് പ്രതീക്ഷ

