ചാണകവും ജൈവമാലിന്യവും ഉപയോഗിച്ച് ബയോഗ്യാസ്, കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) എന്നിവ ഉൽപാദിപ്പിക്കുന്ന ഗോവർധൻ പദ്ധതി വിപുലീകരിക്കാൻ 23,731 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ കംപ്രസ്ഡ് ബയോഗ്യാസിനെ രാജ്യത്തെ പ്രധാന ഊർജ സ്രോതസ്സുകളിലൊന്നാക്കി മാറ്റുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
രാജ്യത്തിന്റെ പ്രകൃതിവാതക ആവശ്യത്തിന്റെ വലിയൊരു പങ്കും നിലവിൽ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോളതലത്തിലെ വിതരണ പ്രതിസന്ധിയും എൽഎൻജി ലഭ്യതയെ ബാധിച്ചിരുന്നു. ഇത് വ്യവസായ മേഖലയിലും പ്രത്യാഘാതമുണ്ടാക്കി. ആഭ്യന്തരമായി ബയോഗ്യാസ് ഉൽപാദനം വർധിപ്പിച്ച് ഊർജ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഗോവർധൻ പദ്ധതി വിപുലീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പത്ത് വർഷത്തിൽ സിബിജി ഉൽപാദനം പത്തിരട്ടിയാക്കും
അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ സിബിജി ഉൽപാദനം പത്തിരട്ടിയാക്കാനാണ് പദ്ധതി. സ്വകാര്യ മേഖലയ്ക്കും സിബിജി പ്ലാന്റുകൾ സ്ഥാപിക്കാൻ അവസരം നൽകും. ചെറുകിട സംരംഭകർക്ക് പദ്ധതിയുടെ മുതൽമുടക്കിന്റെ 85 ശതമാനം വരെ വായ്പ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.സിറ്റി ഗ്യാസ് വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും സിബിജിയുടെ വിതരണം. ഇതിനായി പൈപ്പ്ഡ് നാച്വറൽ ഗ്യാസിൽ സിബിജി ചേർക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം ഒരു ടൺ ഉൽപാദന ശേഷിക്ക് പരമാവധി 2 കോടി രൂപ വരെ മൂലധന സഹായം ലഭിക്കും.സിബിജിക്ക് സ്ഥിരവില ഉറപ്പാക്കുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഒരു മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 2,110 രൂപ എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
മാലിന്യത്തിൽ നിന്ന് ഇന്ധനവും വരുമാനവും
ജൈവമാലിന്യവും ചാണകവും ഇന്ധനമാക്കി മാറ്റുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ലഭിക്കും. മാലിന്യസംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിനൊപ്പം ജൈവവളത്തിന്റെ ലഭ്യതയും വർധിക്കും.
ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഏകദേശം 40,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയുന്നതോടെ കാർബൺഡൈഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കാൻ സാധിക്കും.
പദ്ധതിയിലൂടെ രാജ്യത്ത് ഏകദേശം 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
കേരളത്തിൽ 6 ജില്ലകളിലേക്ക് കൂടി പ്ലാന്റുകൾ
2018ൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായാണ് ഗോവർധൻ പദ്ധതി ആരംഭിച്ചത്. കുടുംബങ്ങൾക്കായുള്ള ചെറുകിട ബയോഗ്യാസ് പ്ലാന്റുകൾ, തദ്ദേശ സ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും ചേർന്ന് നടത്തുന്ന കമ്യൂണിറ്റി പ്ലാന്റുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള സിബിജി പ്ലാന്റുകൾ എന്നിവയ്ക്കാണ് പദ്ധതിയിലൂടെ പിന്തുണ ലഭിക്കുന്നത്.
രാജ്യത്ത് ഇതിനകം 217 സിബിജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിലവിൽ കൊച്ചിയിൽ ബിപിസിഎൽ സ്ഥാപിച്ച സിബിജി പ്ലാന്റാണ് പ്രവർത്തിക്കുന്നത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പുതിയ പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെ തൃശൂർ, കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിലും പുതിയ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.പദ്ധതി വ്യാപകമാകുന്നതോടെ കേരളത്തിലെ ജൈവമാലിന്യ സംസ്കരണ രംഗത്തും ശുദ്ധ ഊർജ ഉൽപാദനത്തിലും വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
