ചരിത്രം കുറിച്ച് എസ്ബിഐ; മൊത്തം ബിസിനസ് 100 ലക്ഷം കോടി കടന്നു, ലാഭത്തിലും വൻ കുതിപ്പ്

രാജ്യത്തെ ബാങ്കിങ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നിക്ഷേപം 60 ലക്ഷം കോടി രൂപയും വായ്പകൾ 50 ലക്ഷം കോടി രൂപയും കടന്നതോടെ മൊത്തം ബിസിനസ് 100 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന രാജ്യത്തെ ആദ്യ ബാങ്കായി എസ്ബിഐ മാറി.നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തിലും മികച്ച വളർച്ച രേഖപ്പെടുത്തി. സംയോജിത ലാഭം 13.73 ശതമാനം ഉയർന്ന് 24,113 കോടി രൂപയിലെത്തി. അതേസമയം, അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 10.23 ശതമാനം വർധിച്ച് 21,121.22 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 19,160.44 കോടി രൂപയായിരുന്നു.

വായ്പാ വിതരണത്തിൽ 18.63 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെ ബാങ്കിന്റെ അറ്റ പലിശ വരുമാനവും (എൻഐഐ) ഗണ്യമായി ഉയർന്നു. ജൂൺ പാദത്തിൽ എൻഐഐ ഏകദേശം 15 ശതമാനം വർധിച്ച് 46,992 കോടി രൂപയിലെത്തി.അതേസമയം, അറ്റ പലിശ മാർജിൻ (എൻഐഎം) 3 ശതമാനമായി കുറഞ്ഞു. പലിശ നിരക്കുകളിലുണ്ടായ മാറ്റങ്ങളും നിക്ഷേപ സമാഹരണച്ചെലവും ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ.
നടപ്പു സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച 14 മുതൽ 15 ശതമാനം വരെ എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ചെയർമാൻ സി.എസ്. ഷെട്ടി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ശക്തമായ വളർച്ച ബാങ്കിങ് മേഖലയ്ക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ആത്മവിശ്വാസം നൽകുന്നതാണ്.