കേന്ദ്രസർക്കാരിന്റെ ജനപ്രിയ പുരപ്പുറ സൗരോർജ പദ്ധതിയായ **‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന’**യിൽ വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. കേന്ദ്രസർക്കാർ നൽകുന്ന പരമാവധി 78,000 രൂപ സബ്സിഡിക്ക് പുറമെ സംസ്ഥാന വിഹിതവും ചേർത്ത് ഉപഭോക്താക്കൾക്ക് പരമാവധി ഒരുലക്ഷം രൂപ വരെ സഹായം നൽകാനാണ് തീരുമാനം.
സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ കന്നി ബജറ്റിലാണ് പുരപ്പുറ സോളർ മേഖലയ്ക്ക് ഉണർവ് പകരുന്ന പ്രഖ്യാപനമുണ്ടായത്. പിഎം സൂര്യ ഘർ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കാനും സംസ്ഥാനത്തെ സൗരോർജ ഉൽപാദനം വർധിപ്പിക്കാനുമാണ് അധിക സബ്സിഡി പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ.നിലവിൽ പിഎം സൂര്യ ഘർ പദ്ധതിയിൽ മൂന്ന് വിഭാഗങ്ങളിലായാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്. ഒരു കിലോവാട്ട് ശേഷിയുള്ള സോളർ സംവിധാനത്തിന് പരമാവധി 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിനും അതിന് മുകളിലുമുള്ള സംവിധാനങ്ങൾക്ക് പരമാവധി 78,000 രൂപയുമാണ് ലഭിക്കുന്നത്.തമിഴ്നാട്ടിൽ ഈ സബ്സിഡി തുക സംസ്ഥാന സഹായം കൂടി ഉൾപ്പെടുത്തി പരമാവധി ഒരുലക്ഷം രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
രാജ്യത്ത് 50 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് പ്രയോജനം
പിഎം സൂര്യ ഘർ പദ്ധതിയിലൂടെ രാജ്യത്തുടനീളം 50 ലക്ഷത്തിലേറെ കുടുംബങ്ങൾ പുരപ്പുറ സോളർ സംവിധാനം സ്ഥാപിച്ചതായി കേന്ദ്രസർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 50,66,195 കുടുംബങ്ങൾക്കായി ഇതുവരെ 28,516.18 കോടി രൂപയുടെ സബ്സിഡി വിതരണം ചെയ്തതായാണ് കണക്ക്.കേരളം പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തിലും സ്ഥാപിതശേഷിയിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാനത്ത് ഇതിനകം 3.24 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി 2,101.22 കോടി രൂപയുടെ സബ്സിഡി നേടിയിട്ടുണ്ട്. പദ്ധതിയിലൂടെ 1,229.1 മെഗാവാട്ട് സൗരോർജ ശേഷിയും കേരളം കൈവരിച്ചു.
തമിഴ്നാട് കേരളത്തേക്കാൾ പിന്നിൽ
പുരപ്പുറ സോളർ പദ്ധതിയുടെ കാര്യത്തിൽ തമിഴ്നാട് നിലവിൽ കേരളത്തേക്കാൾ പിന്നിലാണ്. സംസ്ഥാനത്ത് ഇതുവരെ 1.04 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ അംഗമായത്. സ്ഥാപിതശേഷി 322.37 മെഗാവാട്ടും വിതരണം ചെയ്ത സബ്സിഡി 589.27 കോടി രൂപയുമാണ്.
ഈ പിന്നാക്കാവസ്ഥ മറികടന്ന് സംസ്ഥാനത്തെ കൂടുതൽ വീടുകളിലേക്ക് പുരപ്പുറ സൗരോർജ സംവിധാനം എത്തിക്കുകയാണ് വിജയ് സർക്കാരിന്റെ ലക്ഷ്യം. സബ്സിഡി പരമാവധി ഒരുലക്ഷം രൂപയായി ഉയർത്തുന്നതിലൂടെ കൂടുതൽ കുടുംബങ്ങളെ പദ്ധതിയിലേക്ക് ആകർഷിക്കാനും സംസ്ഥാനത്തിന്റെ മൊത്തം സൗരോർജ ഉൽപാദനശേഷി വർധിപ്പിക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

