ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാൻ സജ്ജൻ ജിൻഡാൽ നയിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ് നീക്കമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന സ്കോഡ ഓട്ടോ ഫോക്സ്വാഗൻ ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികൾ ജെഎസ്ഡബ്ല്യു സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യയിൽ ഫോക്സ്വാഗൻ, സ്കോഡ, ഔഡി, പോർഷെ, ലംബോർഗിനി, ബെന്റ്ലി എന്നീ ആറ് പ്രമുഖ ബ്രാൻഡുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സ്കോഡ ഓട്ടോ ഫോക്സ്വാഗൻ ഇന്ത്യയാണ്. നിലവിൽ ചൈനീസ് വാഹന ബ്രാൻഡുകളായ എംജി മോട്ടോർ, ചെറി എന്നിവയുമായി പങ്കാളിത്തമുള്ള ജെഎസ്ഡബ്ല്യു, സ്വന്തം ബ്രാൻഡിൽ വാഹനങ്ങൾ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ട്
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ തദ്ദേശീയ പങ്കാളിയെ കണ്ടെത്താൻ ഫോക്സ്വാഗൻ ഏറെക്കാലമായി ശ്രമിച്ചുവരികയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും, പ്രതീക്ഷിച്ച തോതിൽ ഉൽപാദനവും വിപണി വിഹിതവും വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.മുൻപ് മഹീന്ദ്ര ഗ്രൂപ്പുമായി സഹകരണ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, ഓഹരി വിഹിതം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ആ നീക്കം മുന്നോട്ടുപോയില്ല.
മൂന്ന് വർഷമായി ചർച്ചകൾ
ജെഎസ്ഡബ്ല്യുവും ഫോക്സ്വാഗനും തമ്മിലുള്ള ചർച്ചകൾ മൂന്ന് വർഷം മുമ്പ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ കമ്പനിയുടെ രണ്ട് നിർമാണ പ്ലാന്റുകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
എന്നാൽ ഫോക്സ്വാഗന്റെ മൂല്യനിർണയം, ഓഹരി വിഹിതം, നിക്ഷേപ ഘടന തുടങ്ങിയ വിഷയങ്ങളിൽ ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം.കരാർ യാഥാർഥ്യമായാൽ, ഫോക്സ്വാഗന്റെ ആധുനിക വാഹന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം ശക്തമാക്കാനും ജെഎസ്ഡബ്ല്യുവിന് അവസരമൊരുങ്ങും. അതേസമയം, ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഫോക്സ്വാഗനും പ്രാദേശിക പങ്കാളിത്തത്തിന്റെ നേട്ടം ലഭിക്കും. ഇക്കാര്യത്തിൽ ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലക്ഷ്യം അഞ്ച് ശതമാനം വിപണി വിഹിതം
ഇന്ത്യൻ വിപണിക്കായി പ്രത്യേക മോഡലുകൾ അവതരിപ്പിച്ചിട്ടും ഫോക്സ്വാഗന് പ്രതീക്ഷിച്ച വിൽപ്പന നേട്ടം കൈവരിക്കാനായിട്ടില്ല. ഇന്ത്യയിൽ അഞ്ച് ശതമാനം വിപണി വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നതെങ്കിലും നിലവിൽ ഏകദേശം 2.5 ശതമാനം മാത്രമാണ് കൈവശമുള്ളത്.ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനായി ഇന്ത്യയിൽ ആദ്യം 100 കോടി ഡോളർ നിക്ഷേപിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. പിന്നീട് ഇത് 70 കോടി ഡോളറായി കുറച്ചിരുന്നു. ഇന്ത്യയിലെ ബിസിനസിന്റെ ലാഭക്ഷമത മെച്ചപ്പെട്ട സാഹചര്യത്തിൽ, പ്രാദേശിക പങ്കാളിത്തം ഉറപ്പായാൽ കൂടുതൽ നിക്ഷേപം നടത്താനാണ് ഫോക്സ്വാഗൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

