22.8 കിലോമീറ്റർ മൈലേജ്; സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി ഹോണ്ട ZR-V ഇന്ത്യൻ വിപണിയിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ പ്രീമിയം എസ്‌യുവിയായ ZR-V ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പൂർണമായും ജപ്പാനിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന (CBU) ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില 47.99 ലക്ഷം രൂപയാണ്. ഒറ്റ വേരിയന്റിലാണ് വാഹനം എത്തുന്നത്. ആദ്യ രണ്ട് ബാച്ചുകളും വിറ്റഴിഞ്ഞതായി ഹോണ്ട അറിയിച്ചു. മൂന്നാം ബാച്ചിന്റെ ഡെലിവറി ഉടൻ ആരംഭിക്കും.ഇന്ത്യൻ വിപണിയിൽ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടൈറോൺ, ടിഗ്വാൻ തുടങ്ങിയ മോഡലുകളുമായാണ് ZR-V മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഏക എസ്‌യുവി എന്ന പ്രത്യേകതയും ഹോണ്ട ZR-V-ക്കുണ്ട്.

ശക്തമായ ഹൈബ്രിഡ് എൻജിൻ

2.0 ലീറ്റർ, നാല് സിലിണ്ടർ ഡയറക്ട്-ഇൻജക്ഷൻ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേർന്ന ഹൈബ്രിഡ് പവർട്രെയിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ആകെ 184 എച്ച്പി കരുത്തും 315 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ എസ്‌യുവിയിൽ e-CVT ഗിയർബോക്സും ഫ്രണ്ട് വീൽ ഡ്രൈവും നൽകിയിരിക്കുന്നു.0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 7.9 സെക്കൻഡ് മതി. കൂടാതെ ലിറ്ററിന് 22.8 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും ഹോണ്ട അവകാശപ്പെടുന്നു.

ആകർഷകമായ ഡിസൈൻ

പരമ്പരാഗത എസ്‌യുവി ശൈലിക്ക് പകരം ക്രോസ്ഓവർ ഡിസൈനാണ് ഹോണ്ട ZR-V സ്വീകരിച്ചിരിക്കുന്നത്. സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകൾ, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), വെർട്ടിക്കൽ സ്ലാറ്റുകളുള്ള ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി ബമ്പർ, 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്റ്റൈലിഷ് ടെയിൽലാമ്പുകൾ, റൂഫ് സ്‌പോയ്ലർ, e ബാഡ്ജിങ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവ വാഹനത്തിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളാണ്.ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, മീറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നീ നാല് നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.

ആഡംബര ഇന്റീരിയർ

ഓൾ-ബ്ലാക്ക് തീമിലുള്ള കാബിനിൽ ഹണികോമ്പ് ഡിസൈനിലുള്ള ഡാഷ്‌ബോർഡ്, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 12 സ്പീക്കർ ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 4-വേ പവർ ഫ്രണ്ട് പാസഞ്ചർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, അംബിയന്റ് ലൈറ്റിങ്, ജെസ്റ്റർ കൺട്രോളോടുകൂടിയ ഇലക്ട്രിക് ടെയിൽഗേറ്റ് തുടങ്ങിയ പ്രീമിയം സൗകര്യങ്ങളും ലഭ്യമാണ്.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും ZR-V മുൻനിരയിലാണ്. ലെവൽ-2 ADAS, എട്ട് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ആധുനിക സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.