റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് ഉയർത്തിയ സമ്മർദങ്ങളും അധിക തീരുവ ഭീഷണികളും നിലനിൽക്കുന്നതിനിടെ, ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ജൂലൈയിൽ സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 55.5 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്.യുക്രെയ്ൻ–റഷ്യ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ യുദ്ധത്തെ തുടർന്ന് റഷ്യ വൻ വിലക്കിഴിവിൽ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്തതോടെ ഇന്ത്യ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചു. പിന്നീട് റഷ്യയുടെ വിഹിതം 30 മുതൽ 40 ശതമാനം വരെയായി ഉയർന്നു.
റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി നിർത്തിയിരുന്നില്ല. ചില കമ്പനികൾ താൽക്കാലികമായി വാങ്ങൽ കുറച്ചെങ്കിലും, പിന്നീട് സാഹചര്യങ്ങൾ മാറിയതോടെ ഇറക്കുമതി വീണ്ടും ശക്തമായി.യുഎസ്–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും ഇന്ത്യയെ റഷ്യൻ എണ്ണയിലേക്ക് കൂടുതൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ. ജൂലൈയിൽ ഇന്ത്യ പ്രതിദിനം 28 ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആകെ പ്രതിദിന ഇറക്കുമതി 50 ലക്ഷം ബാരലായിരുന്നതിനാൽ, അതിൽ പകുതിയിലധികവും റഷ്യയിൽ നിന്നായിരുന്നു.
ജൂണിൽ പ്രതിദിനം 27 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇതിനിടെ ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കെതിരെ 100 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള നീക്കവും യുഎസ് സെനറ്റിൽ പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.അടുത്തിടെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ റഷ്യയിലെ ചില പ്രധാന എണ്ണ ശുദ്ധീകരണശാലകൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ അവിടുത്തെ റിഫൈനിങ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് റഷ്യയിൽ ഡീസൽ ക്ഷാമം അനുഭവപ്പെട്ടതായും, ഇന്ത്യയിൽ റിഫൈൻ ചെയ്ത ഇന്ധനം ഇടനിലക്കാർ വഴി വീണ്ടും റഷ്യയിലേക്ക് എത്തിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം, ജൂലൈയിൽ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലും ഇന്ത്യ വർധന രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് മുൻ മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞിരുന്നെങ്കിലും ജൂലൈയിൽ സ്ഥിതി മാറി.
സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ജൂണിലെ പ്രതിദിനം 29 ലക്ഷം ബാരലിൽ നിന്ന് 42 ലക്ഷം ബാരലായി ഉയർന്നു. ഏപ്രിലിൽ ഏതാണ്ട് നിലച്ചിരുന്ന ഇറാഖ് ഇറക്കുമതി ജൂലൈയിൽ പ്രതിദിനം 13 ലക്ഷം ബാരലായി തിരിച്ചെത്തി. കുവൈത്തിൽ നിന്നുള്ള ഇറക്കുമതിയും ഏപ്രിൽ മുതൽ ജൂൺ വരെ വളരെ കുറഞ്ഞ നിലയിലായിരുന്നെങ്കിലും ജൂലൈയിൽ അത് പ്രതിദിനം 51,600 ബാരലായി ഉയർന്നു.
ലഭ്യത, വിലക്കുറവ്, ഉപഭോക്തൃ താൽപര്യം, രാജ്യത്തിന്റെ ഊർജസുരക്ഷ എന്നിവ കണക്കിലെടുത്താണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്ന നിലപാടാണ് ഇന്ത്യ ആവർത്തിക്കുന്നത്. യൂറോപ്പും അമേരിക്കയും ഇപ്പോഴും റഷ്യൻ ഉൽപന്നങ്ങൾ വിവിധ മാർഗങ്ങളിലൂടെ വാങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് സമ്മർദം ചെലുത്തുന്നത് ഇരട്ടത്താപ്പാണെന്നും ഇന്ത്യ മുൻപും വിമർശിച്ചിരുന്നു.

