ഇപിഎഫ്ഒ അംഗങ്ങൾ ശ്രദ്ധിക്കുക; ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾക്ക് താൽക്കാലിക തടസം

ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അംഗങ്ങൾക്കും തൊഴിലുടമകൾക്കും നിർണായക അറിയിപ്പുമായി അധികൃതർ. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) നടത്തുന്ന നിശ്ചിത സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 5-ന് ഇപിഎഫ്ഒയുടെ ഇ-ഓഫീസ് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു.

ഓഗസ്റ്റ് 5-ന് വൈകീട്ട് 6 മണി മുതൽ രാത്രി 9.30 വരെ ഇ-ഓഫീസ് പ്ലാറ്റ്ഫോമിന്റെ വിവിധ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാൽ ഉപയോക്താക്കൾക്ക് സേവനങ്ങളിൽ തടസം നേരിടും. ഈ സമയത്ത് ഇ-ഓഫീസ് സംവിധാനം ഉപയോഗിക്കാനോ ചില ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താനോ സാധിക്കില്ല.
നവീകരണത്തിന്റെ ഭാഗമായി ഇ-ഫയൽ പതിപ്പ് 7.4.4-3, പോർട്ടൽ പതിപ്പ് 8.2.2, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എംഐഎസ്) പതിപ്പ് 7.3.0, മാസ്റ്റർ ഡാറ്റ മാനേജ്മെന്റ് പതിപ്പ് 7.3.1-1 എന്നിവയാണ് പുതുക്കുന്നത്.

സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ പി.എഫ് ക്ലെയിമുകൾ സമർപ്പിക്കുന്നതിനും മറ്റ് ഓൺലൈൻ അപേക്ഷകൾ നൽകുന്നതിനും ഇടവേളയിൽ സാധിക്കില്ല. നവീകരണം പൂർത്തിയായ ശേഷവും ആദ്യ രണ്ടാഴ്ചക്കാലം അധിക പരിശോധനകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഘട്ടംഘട്ടമായായിരിക്കും നടക്കുക. അതിനാൽ ക്ലെയിമുകളുടെയും അപേക്ഷകളുടെയും പരിഗണനയിൽ സാധാരണയേക്കാൾ ചെറിയ കാലതാമസം ഉണ്ടായേക്കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു.നവീകരണം പൂർത്തിയാകുന്നതോടെ സേവനങ്ങൾ ക്രമേണ പൂർണമായും സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതുവരെ അംഗങ്ങളും തൊഴിലുടമകളും സഹകരിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ ഒരേ അപേക്ഷ ആവർത്തിച്ച് സമർപ്പിക്കുന്നതും സേവനങ്ങൾ പലതവണ ഉപയോഗിക്കാൻ ശ്രമിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സിസ്റ്റം നവീകരണങ്ങളിലൂടെ ഇപിഎഫ്ഒയുടെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും വിശ്വസനീയമായും ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.