പുരപ്പുറ സോളറിന് വൻ സ്വീകാര്യത; ആറു ദിവസത്തിൽ ഒരുലക്ഷം പുതിയ കുടുംബങ്ങൾ, ‘പിഎം സൂര്യ ഘർ 2.0’ ഒരുങ്ങുന്നു

രാജ്യത്ത് പുരപ്പുറ സോളർ പദ്ധതിക്ക് റെക്കോർഡ് സ്വീകാര്യത. കേന്ദ്രസർക്കാരിന്റെ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന’ പ്രകാരം ഇപ്പോൾ ഓരോ ആറ് ദിവസത്തിനുള്ളിൽ ഒരുലക്ഷം പുതിയ കുടുംബങ്ങൾ പദ്ധതിയിൽ ചേരുന്നുവെന്നാണ് കണക്കുകൾ. ഇതുവരെ 49.44 ലക്ഷം വീടുകൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. 2026 അവസാനത്തോടെ 75 ലക്ഷം വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
കേരളം ഉൾപ്പെടെ രാജ്യത്തുടനീളം മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതിക്കായി 75,021 കോടി രൂപ വകയിരുത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 27,855.99 കോടി രൂപ സബ്സിഡിയായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിട്ടുണ്ട്.

അതിവേഗ വളർച്ച

2024-ൽ പദ്ധതി ആരംഭിച്ചപ്പോൾ ആദ്യ ഒരു ലക്ഷം ഗുണഭോക്താക്കളെ നേടാൻ 118 ദിവസം വേണ്ടിവന്നു. പിന്നീട് ഉപഭോക്തൃ എണ്ണം 20 ലക്ഷത്തിനടുത്തെത്തിയപ്പോൾ ഓരോ ലക്ഷം പേരെയും ചേർക്കാൻ 19 ദിവസം മതിയായി. ഇപ്പോൾ അതേ നേട്ടം ആറ് ദിവസത്തിനുള്ളിൽ കൈവരിക്കുകയാണ്.പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ 14,653.23 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

കേരളം മുൻനിരയിൽ

കേരളത്തിലും പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 4,21,734 അപേക്ഷകൾ ലഭിച്ചപ്പോൾ 3.17 ലക്ഷം വീടുകളിൽ സോളർ സംവിധാനം സ്ഥാപിച്ചു. ഇതിലൂടെ 1,203.02 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി സൃഷ്ടിക്കപ്പെട്ടു.സംസ്ഥാനത്തെ ഗുണഭോക്താക്കൾക്ക് ഇതുവരെ 2,073.8 കോടി രൂപ സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. പുരപ്പുറ സോളർ വ്യാപനത്തിൽ തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകൾ ദേശീയതലത്തിൽ തന്നെ മുൻനിരയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

‘പിഎം സൂര്യ ഘർ 2.0’ വരുന്നു

പദ്ധതിയുടെ വിജയത്തെ തുടർന്ന് രണ്ടാംഘട്ടമായ ‘പിഎം സൂര്യ ഘർ 2.0’ അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്രസർക്കാർ.പുതിയ പതിപ്പിൽ ഉൾപ്പെടാൻ സാധ്യതയുള്ള പ്രധാന സൗകര്യങ്ങൾ:

കൂടുതൽ എളുപ്പമുള്ള വായ്പാ പദ്ധതികൾ
ദീർഘകാല സർവീസ്, മെയിന്റനൻസ് പിന്തുണ
മെച്ചപ്പെട്ട ബാറ്ററി സ്റ്റോറേജ് സംവിധാനം
റൂഫ്ടോപ് ഷെയറിങ് സൗകര്യം

സ്വന്തമായി അനുയോജ്യമായ മേൽക്കൂരയില്ലാത്തവർക്ക് സമീപത്തെ വീടുകളുടെ മേൽക്കൂരയിൽ സ്ഥാപിച്ച സോളർ പ്ലാന്റിലൂടെ വൈദ്യുതി ഉപയോഗിക്കാനുള്ള സംവിധാനവും രണ്ടാംഘട്ടത്തിലെ പ്രധാന ആകർഷണമാകുമെന്നാണ് സൂചന.

എത്രയാണ് സബ്സിഡി?

പദ്ധതി പ്രകാരം സബ്സിഡി മൂന്ന് വിഭാഗങ്ങളിലായാണ് നൽകുന്നത്.

1 കിലോവാട്ട് സിസ്റ്റം – പരമാവധി 30,000 രൂപ
2 കിലോവാട്ട് സിസ്റ്റം – പരമാവധി 60,000 രൂപ
3 കിലോവാട്ട് സിസ്റ്റം – പരമാവധി 78,000 രൂപ

വൈദ്യുതി ബില്ലിൽ എത്ര ലാഭം?

പ്രതിമാസം ഏകദേശം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു വീട്ടിൽ 3 കിലോവാട്ട് സോളർ സംവിധാനം സ്ഥാപിച്ചാൽ 250 മുതൽ 350 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ഇതോടെ വൈദ്യുതി ബിൽ ഏതാണ്ട് പൂർണമായും ഒഴിവാക്കാൻ കഴിയും.

1 കിലോവാട്ട് സിസ്റ്റം: 90–120 യൂണിറ്റ് വരെ ഉൽപാദനം
2 കിലോവാട്ട് സിസ്റ്റം: 180–250 യൂണിറ്റ് വരെ
3 കിലോവാട്ട് സിസ്റ്റം: 250–350 യൂണിറ്റ് വരെ

ഉപഭോഗത്തിനനുസരിച്ച് പ്രതിമാസ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് നേടാനാകും.

ചെലവും മുടക്കുമുതൽ തിരിച്ചുകിട്ടുന്ന കാലവും

1 കിലോവാട്ട് സിസ്റ്റം

ചെലവ്: 60,000–80,000 രൂപ
സബ്സിഡി: 30,000 രൂപ വരെ
ഉപഭോക്തൃ ചെലവ്: 30,000–50,000 രൂപ
മുടക്കുമുതൽ തിരിച്ചുകിട്ടുക: ഏകദേശം 4 വർഷം

2 കിലോവാട്ട് സിസ്റ്റം

ചെലവ്: 1.20–1.60 ലക്ഷം രൂപ
സബ്സിഡി: 60,000 രൂപ വരെ
മുടക്കുമുതൽ തിരിച്ചുകിട്ടുക: ഏകദേശം 5 വർഷം

3 കിലോവാട്ട് സിസ്റ്റം

ചെലവ്: 1.80–2.50 ലക്ഷം രൂപ
സബ്സിഡി: 78,000 രൂപ വരെ
മുടക്കുമുതൽ തിരിച്ചുകിട്ടുക: ഏകദേശം 5 മുതൽ 6 വർഷം
അധിക വരുമാനത്തിനും അവസരം

വീട്ടിൽ ഉപയോഗിച്ചതിന് ശേഷമുള്ള അധിക വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകാനും അതിലൂടെ അധിക വരുമാനം നേടാനും സാധിക്കും. വായ്പയെടുത്ത് സോളർ സംവിധാനം സ്ഥാപിക്കുന്നവർക്ക് മുടക്കുമുതൽ തിരിച്ചുകിട്ടാൻ ഒരു വർഷമോ രണ്ടുവർഷമോ അധികം വേണ്ടിവന്നേക്കാമെങ്കിലും, ദീർഘകാലത്തിൽ വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കാൻ പദ്ധതിക്ക് കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.