ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സാഹചര്യത്തിലും ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ (UPI) ആപ്പുകൾ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ (POS) ഡിവൈസുകളിലും ഉപഭോക്താക്കളുടെ സ്മാർട്ട്ഫോണുകളിലും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലും പേയ്മെന്റ് സാധ്യമാക്കുകയാണ് ലക്ഷ്യം.ഓഫ്ലൈൻ യുപിഐ ഇടപാടുകൾ പിന്തുണയ്ക്കുന്ന പി.ഒ.എസ്. യന്ത്രങ്ങൾക്ക് ഈ വർഷം മുതൽ എൻ.പി.സി.ഐ. അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നെറ്റ്വർക്ക് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ സുഗമമാകും.
എൻഎഫ്സി സാങ്കേതികവിദ്യയിലൂടെ പേയ്മെന്റ്
സ്മാർട്ട്ഫോണിലെ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ഉപയോഗിച്ച് പി.ഒ.എസ്. ഡിവൈസിൽ ഫോൺ ‘ടാപ്’ ചെയ്താണ് പണം കൈമാറുക. ഒരു ഇടപാടിൽ പരമാവധി ₹2,000 വരെ ഓഫ്ലൈനായി പേയ്മെന്റ് നടത്താൻ സാധിക്കുമെന്നാണ് സൂചന.എൻഎഫ്സി സൗകര്യമുള്ള സ്മാർട്ട്ഫോണുകളിൽ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഓഫ്ലൈൻ പേയ്മെന്റ് നടത്താനുള്ള സംവിധാനം 2023 മുതൽ നിലവിലുണ്ട്. അതിന്റെ വിപുലീകരിച്ച രൂപമായിരിക്കും പുതിയ സംവിധാനം.
നെറ്റ്വർക്ക് ഇല്ലാത്ത ഇടങ്ങളിൽ വലിയ ആശ്വാസം
ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങൾ, മലനിരകൾ, വിമാനയാത്രകൾ, ഭൂഗർഭ മെട്രോ റെയിൽ ശൃംഖലകൾ തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും തടസ്സമില്ലാതെ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും.
യുപിഐ ലൈറ്റ് വാലറ്റ് ഉപയോഗിച്ച് ഇടപാട്
ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമായ സമയത്ത് UPI Lite വാലറ്റിലേക്ക് മുൻകൂട്ടി തുക ചേർക്കേണ്ടതായിരിക്കും. തുടർന്ന് ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും പിൻ നമ്പർ നൽകാതെ തന്നെ പി.ഒ.എസ്. ഡിവൈസിൽ ഫോൺ ടാപ് ചെയ്ത് പണമടയ്ക്കാൻ കഴിയും.പിന്നീട് ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിക്കുമ്പോൾ ഇടപാട് വിവരങ്ങൾ സമന്വയിപ്പിച്ച് വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യപ്പെടും.എൻ.പി.സി.ഐയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ബാങ്കുകളും യുപിഐ സേവനദാതാക്കളും ആവശ്യമായ സോഫ്റ്റ്വെയർ വികസിപ്പിച്ച് പുതിയ ഓഫ്ലൈൻ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
